ടെൽഅവീവ്: ഖത്തർ ആക്രമണത്തിനു പിന്നാലെ ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് യെമൻ. ചാവു കടലിനോട് ചേർന്ന ജെറുസലേം പ്രദേശങ്ങളിലും വെസ്റ്റ്ബാങ്കിലെ സെറ്റിഷമെൻ്റുകൾക്ക് സമീപവും മിസൈൽ തൊടുത്തതിന് പിന്നാലെ സൈറൺ മുഴങ്ങിയെന്നാണ് ഐഡിഎഫിനെ ഉദ്ധരിച്ചുള് റിപ്പോർട്ട് പുറത്തുവന്നു. ഈ മിസൈൽ തകർത്തതായും ഐഡിഎഫ് വ്യക്തമാക്കുന്നു. ഇതിനിടെ ഹൂതികൾ തൊടുത്തുവിട്ട ഡ്രോണുകളും ഇസ്രയേലി എയർഫോഴ്സ് തകർത്തതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം ഖത്തർ തലസ്ഥാനമായ ദോഹയിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം നടത്തിയതിന് തൊട്ടുപിന്നാലെയാണ് യെമനിൽ നിന്ന് ഇസ്രയേലിന് നേരെ ആക്രമണം ഉണ്ടായത്. ഗാസയിലെ വെടിനിർത്തൽ ചർച്ചകൾക്കായി ഖത്തറിലെത്തിയ ഹമാസ് നേതാക്കളെയാണ് ഇസ്രയേൽ ലക്ഷ്യമിട്ടതെന്നാണ് റിപ്പോർട്ട്. ദോഹയ്ക്ക് സമീപമുള്ള കത്താറയിലാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. ഖത്തറിൻ്റെ സാംസ്കാരിക കേന്ദ്രം എന്നറിയപ്പെടുന്ന കത്താറയിൽ കറുത്ത പുക ഉയർന്നതായും റിപ്പോർട്ടുണ്ട്. ഹമാസിൻ്റെ രാഷ്ട്രീയകാര്യ സമിതിയിലെ പ്രധാന നേതാക്കളായ ഖലീൽ അൽ ഹയ്യ അടക്കം ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന വിവരമാണ് പുറത്ത് വരുന്നത്. ഇസ്രയേലുമായുള്ള വെടിനിർത്തൽ ചർച്ചയ്ക്ക് നേതൃത്വം നൽകുന്നവരിൽ പ്രധാനിയാണ് ഖലീൽ അൽ ഹയ്യയാണ്.
ഇതിനിടെ ഇസ്രയേൽ ആക്രമണത്തിനെതിരെ ഖത്തർ രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തി. ഭീരുത്വപൂർണ്ണമായ സമീപനമാണ് ഇസ്രയേലിൻ്റെ ആക്രമണം എന്നും ഖത്തർ വിമർശിച്ചു. കൂടാതെ അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് ഇസ്രയേൽ നടത്തിയിരിക്കുന്നതെന്നും ഖത്തർ കുറ്റപ്പെടുത്തി. ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ ചർച്ചകൾക്ക് നേതൃത്വം നൽകുന്ന രാജ്യമാണ് ഖത്തർ. ഖത്തറിൻ്റെ തലസ്ഥാനമായ ദോഹയ്ക്ക് സമീപം ആക്രമണം നടത്തിയത് ഇസ്രയേലാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സ്ഥരീകരിച്ചിരുന്നു. ആക്രമണത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇസ്രയേൽ ഒറ്റയ്ക്കാണ് ആക്രമണം നടത്തിയതെന്നും ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഓഫീസ് വ്യക്തമാക്കുന്നു.