ദുബായ്: ടോസിൽ തുടങ്ങിയതായിരുന്നു കിവീസിന്റെ ഭാഗ്യം. ചോർച്ചയൊഴിയാത്ത കൈകളുമായി ഷമി, കെഎൽ രാഹുൽ, ശ്രേയസ് തുടങ്ങി ഇന്ത്യൻ താരങ്ങളുമുണ്ടായിരുന്നു. എന്നാൽ അതിലൊന്നും പതറുന്നതല്ലായിരുന്നു രോഹിത്തിന്റെ ബുദ്ധി. ആക്രമണ ബാറ്റിങ്ങിലൂടെ ക്യാപ്റ്റൻ രോഹിത് ശർമയുടെ ഉജ്വല ടേക്ക് ഓഫ് (83 പന്തിൽ 76), അപ്രതീക്ഷിത വിക്കറ്റ് വീഴ്ചകളുടെ സമ്മർദത്തിൽ ഉലയാതെ ശാന്തനായി സ്കോറുയർത്തി ശ്രേയസ് അയ്യരും (48) അക്ഷർ പട്ടേലും (29), രോഹിത്ത് കൊളുത്തിയ പോരാട്ട വീര്യം അണയാതെ ടീമിനെ ലക്ഷ്യത്തിലെത്തിച്ച് കെ.എൽ. രാഹുൽ (34 നോട്ടൗട്ട്), എല്ലാമൊന്നിച്ചപ്പോൾ ചാംപ്യൻസ് ട്രോഫി കിരീടം രോഹിത്തും കൂട്ടരും ഇങ്ങെടുത്തു.
ഫൈനലിൽ ആദ്യം ബാറ്റു ചെയ്ത ന്യൂസീലൻഡിനെ 251 റൺസിൽ പിടിച്ചു കെട്ടിയത് അക്ഷരാർദ്ധത്തിൽ രോഹിത്തിന്റെ സ്പിന്നർ ബുദ്ധിയാണ്. ഇതോടെ ചാംപ്യൻസ് ട്രോഫിയിൽ മൂന്നാം കിരീടം നേടിയ ഇന്ത്യ, ഐസിസി (രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ) ഏകദിന കിരീടത്തിനായുള്ള 12 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചു. 2013 ചാംപ്യൻസ് ട്രോഫിയിലായിരുന്നു ഇന്ത്യയുടെ ഇതിനു മുൻപുള്ള നേട്ടം.
ഏകദിന ക്രിക്കറ്റിന്റെ മനോഹര അനിശ്‌ചിതത്വവും ആവേശവും ഇഴചേർന്ന പോരാട്ടത്തിൽ 6 പന്തും 4 വിക്കറ്റും ബാക്കിവച്ചാണ് ഇന്ത്യൻ വിജയം. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ന്യൂസീലൻഡിനെ സ്പിൻ ബോളർമാരുടെ മികവിൽ 251 റൺസിൽ പിടിച്ചുകെട്ടിയപ്പോൾ ഇന്ത്യ അനായാസ വിജയം പ്രതീക്ഷിച്ചതാണ്. ഒന്നാം വിക്കറ്റിൽ 105 റൺസ് നേടി ഇന്ത്യ തുടക്കവും ഗംഭീരമാക്കി. പക്ഷെ രോഹിത്ത് ഇറക്കി കളിച്ച അതേ സ്പിൻ ബുദ്ധിതന്നെ ന്യൂസീലൻഡും പുറത്തെടുത്തതോടെ മധ്യ ഓവറുകളിൽ വെല്ലുവിളിയുയർത്തി. പക്ഷേ, ഇന്ത്യയുടെ വിജയവഴി മുടക്കാൻ അവർക്കുമായില്ല.
രണ്ടാം ബാറ്റിങ്ങിനായി രോഹിത്തും ഗില്ലും കളത്തിലിറങ്ങുമ്പോൾ ഇന്ത്യൻ വിജയലക്ഷ്യം 252. ഒരു ഓവറിൽ വേണ്ടതു ശരാശരി 5 റൺസ്. പക്ഷേ സ്പിന്നർമാർക്കു വളക്കൂറുള്ള പിച്ചിന്റെ സ്വഭാവം തിരിച്ചറിഞ്ഞ രോഹിത് ശർമ നടത്തിയത് മനസിലെ കരു നീക്കങ്ങളെ ബാറ്റിലേക്കാവാഹിക്കുകയായിരുന്നു. ന്യൂസിലൻഡ് സ്പിന്നർമാരെ കളത്തിലിറക്കും മുൻപേ പവർപ്ലേയിൽ പരമാവധി സ്കോർ നേടാൻ ശ്രമിച്ച രോഹിത് ബിഗ് ഹിറ്റുകളിലൂടെ കിവീസ് പേസർമാരെ അടിച്ചു പരത്തി. മറുവശത്തു കരുതലോടെ നിലയുറപ്പിച്ച ഗിൽ രോഹിത്തിനു സ്ട്രൈക്ക് കൈമാറി. പരുക്കേറ്റ് ഫൈനലിൽനിന്നു പുറത്തായ പേസർ മാറ്റ് ഹെൻറിയുടെ അഭാവവും ന്യൂസീലൻഡിനെ പിന്നോട്ടടിച്ചു. ആദ്യ 10 ഓവറിൽ 64 റൺസ് നേടിയ ഇന്ത്യൻ ഓപ്പണർമാർ 18–ാം ഓവറിൽ ടീം സ്കോർ 103ൽ എത്തിച്ചു. എന്നാൽ അടുത്ത 10 ഓവറിൽ വെറും 25 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റെടുത്ത കിവീസ് സ്പിന്നർമാർ കളിയിൽ പിടിമുറുക്കി.
19–ാം ഓവറിൽ ഗില്ലും (50 പന്തിൽ 31), കളത്തിലിറങ്ങിയ പോലെ തന്നെ കയറിപ്പോയ വിരാട് കോലിയും (1) ഇന്ത്യയെ ആദ്യം തന്നെ പ്രതിരോധത്തിലാക്കി. സ്പിന്നർ രചിൻ രവീന്ദ്രയെ ക്രീസ് വിട്ടിറങ്ങി ആക്രമിക്കാൻ ശ്രമിച്ച രോഹിത്തിനെ (76) വിക്കറ്റ് കീപ്പർ ടോം ലാതം സ്റ്റംപ് ചെയ്ത് പുറത്താക്കി. എന്നാൽ നാലാം വിക്കറ്റിൽ 61 റൺസ് നേടിയ ശ്രേയസ് അയ്യർ (48), അക്ഷർ പട്ടേൽ (29) കൂട്ടുകെട്ട് ഇന്ത്യയ്ക്കു തുണയായി. ശ്രേയസും അക്ഷറും പിന്നീട് സ്പിൻ കെണിയിൽ വീണെങ്കിലും ഹാർദിക് പാണ്ഡ്യയ്ക്കൊപ്പം (18) ആറാം വിക്കറ്റിൽ നേടിയ 38 റൺസോടെ രാഹുൽ ഇന്ത്യയെ വിജയത്തിനടുത്തെത്തിച്ചു.
തുടർച്ചയായ 15–ാം മത്സരത്തിലും ടോസ് നഷ്ടമായി ലാറയ്ക്കൊപ്പം റെക്കോർഡ് പങ്കുവച്ചാണ് രോഹിത്തും ഇന്ത്യൻ ടീം ഇന്നലെ ഫൈനലിന് ഇറങ്ങിയത്. പവർപ്ലേയിൽ തകർത്തടിച്ച കിവീസ് ഓപ്പണർ രചിൻ രവീന്ദ്ര ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിച്ചു. എട്ടാം ഓവറിൽ വിൽ യങ്ങിനെ (15) പുറത്താക്കിയ വരുൺ ചക്രവർത്തി ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചെങ്കിലും രചിൻ രവീന്ദ്രയെന്ന അപകടം ഭീതിയായി ക്രീസിൽ തുടർന്നു. രചിന്റെ റിട്ടേൺ ക്യാച്ച് അവസരം പഴാക്കിയ മുഹമ്മദ് ഷമിയും ഡീപ് മിഡ് വിക്കറ്റിൽ രചിന്റെ ക്യാച്ച് കൈവിട്ട ശ്രേയസ് അയ്യരും നിരാശ ഇരട്ടിപ്പിച്ചു.
ആദ്യ 10 ഓവറിൽ 69 റൺസ് നേടിയ ന്യൂസീലൻഡ് തുടക്കം ഭദ്രമായി എന്നു കരുതിയപ്പോഴാണ് 11–ാം ഓവറിൽ രോഹിത് ശർമ തന്റെ തുറുപ്പുചീട്ടായ കുൽദീപ് യാദവിനെ കളത്തിലിറക്കിയത്. തന്റെ ആദ്യ പന്തിൽ ഗൂഗ്ലിയിലൂടെ കുൽദീപ് രചിന്റെ (29 പന്തിൽ 37) സ്റ്റംപ് ഇളക്കി. അടുത്ത വരവിൽ കെയ്ൻ വില്യംസനെയും(11) റിട്ടേൺ ക്യാച്ചിലൂടെ കുൽദീപ് പുറത്താക്കി.
പിന്നീടങ്ങോട്ട് ഹിറ്റ്മാന്റെ ബുദ്ധിയായിരുന്നു പ്രവർത്തിച്ചത്. മധ്യ ഓവറുകളിൽ ഇന്ത്യൻ സ്പിൻ ആക്രമണം. പവർപ്ലേയിൽ തകർത്തടിച്ച കിവീസ് ബാറ്റർമാർക്ക് അടുത്ത 81 പന്തുകളിൽ ഒരു ബൗണ്ടറി പോലും നേടാനായില്ല. മധ്യ ഓവറുകളിൽ 4 സ്പിന്നർമാർ ചേർന്നെറിഞ്ഞ 30 ഓവറുകളിൽ ന്യൂസീലൻഡിന്റെ സമ്പാദ്യം 103 റൺസ് മാത്രമായി. 10 ഓവറിൽ ഒരു ബൗണ്ടറിയും നൽകാതെ 30 റൺസ് മാത്രം വഴങ്ങിയ രവീന്ദ്ര ജഡേജ ടോം ലാതത്തെ വിക്കറ്റിനു മുന്നിൽ കുരുക്കി (14). ഒരറ്റത്ത് ഇഴഞ്ഞുനീങ്ങിയ ഡാരിൽ മിച്ചൽ (101 പന്തിൽ 63) അഞ്ചാം വിക്കറ്റിൽ ഗ്ലെൻ ഫിലിപ്സിനൊപ്പം ചേർന്ന് വിക്കറ്റ് വീഴ്ചയ്ക്കു താൽക്കാലിക ശമനമുണ്ടാക്കി. ഇതിനിടെ ജഡേജയുടെ ഓവറിൽ കിവീസ് താരത്തെ പുറത്താക്കാനുള്ള അവസരം ശ്രേയസ് അയ്യരും കളഞ്ഞുകുളിച്ചു.
40 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 172 എന്ന നിലയിലായിരുന്ന ന്യൂസീലൻഡിനു പൊരുതാവുന്ന സ്കോർ നൽകിയത് ഓൾറൗണ്ടർ മൈക്കൽ ബ്രേസ്‍വെല്ലിന്റെ (40 പന്തിൽ 53 നോട്ടൗട്ട്) അർധ സെഞ്ചറിയും ഇന്ത്യൻ പേസ് ബോളിങ്ങിലെ താളപ്പിഴകളുമാണ്. അവസാന 5 ഓവറിൽ 50 റൺസ് നേടാൻ കിവീസിനായി. 9 ഓവറിൽ 74 റൺസ് വഴങ്ങിയ ഷമിയും 3 ഓവറിൽ 30 റൺസ് വഴങ്ങിയ ഹാർദിക്കും ഇന്ത്യയെ നിരാശപ്പെടുത്തി.