പാലക്കാട് : നെന്മാറ ഇരട്ടക്കൊല കേസ് പ്രതി ചെന്താമരയുടെ ഭാര്യയുടെ മൊഴി പോലീസെടുത്തു. തന്നെ ചെന്താമര നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നതായിരുന്നുവെന്നാണ് ഭാര്യയുടെ മൊഴി. സഹികെട്ടാണ് വീട്ടിൽ നിന്നിറങ്ങിപ്പോയത്. ഞാനിപ്പോൾ എവിടെയാണ് താമസിക്കുന്നതെന്ന് പോലും ചെന്താമരയ്ക്ക് അറിയില്ല. ചെന്താമരയുടെ ഭാര്യയെന്ന് അറിയപ്പെടാൻ പോലും തനിക്കു താത്പര്യമില്ല. അയൽവാസികളോട് മോശമായാണ് ചെന്താമര പെരുമാറിയിരുന്നതെന്നായിരുന്നു ഭാര്യയുടെ മൊഴി. ആലത്തൂർ ഡിവൈഎസ്പി ഓഫീസിൽ എത്തിയാണ് ഇവർ മൊഴി നൽകിയത്.
കഴിഞ്ഞ ജനുവരി 27നാണ് പോത്തുണ്ടിയിലെ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. അതേസമയം തന്റെ കേസിൽ ദൃക്സാക്ഷിയില്ലെന്നും, തന്നെ അറസ്റ്റ് ചെയ്തത് സംശയത്തിന്റെയും കേട്ടുകേൾവിയുടേയും മാത്രം അടിസ്ഥാനത്തിലാണെന്നുമായിരുന്നു കോടതിക്ക് മുന്നിൽ ജാമ്യാപേക്ഷയുമായി എത്തിയപ്പോൾ പ്രതിയുടെ പ്രധാന വാദം. എന്നാൽ ഈ വാദം പൊളിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. അതിനായികൊലപാതകം നേരിൽ കണ്ടതായി പറയുന്ന ഏക സാക്ഷിയെ കോടതിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. ദൃക്സാക്ഷിയുടെ മൊഴി കേസിൽ നിർണായകമായിരിക്കെ പലവട്ടം പോലീസ് ശ്രമിച്ചിട്ടും മൊഴി രേഖപ്പെടുത്താൻ ഇയാൾ തയ്യാറായിട്ടില്ല.
മരിച്ച സുധാകരന്റെ ഭാര്യയെ കൊലപ്പെടുത്തി ജാമ്യത്തിൽ ഇറങ്ങിയാണ് ചെന്താമര ഇരട്ടക്കൊലപാതകം നടത്തിയത്. ഇയാൾ വീണ്ടും പുറത്തിറങ്ങി തന്നെയും കൊന്നു കളയുമെന്ന പേടിയിലാണ് ദൃക്സാക്ഷി. ഇയാളെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ പൊലീസ് പരമാവധി ശ്രമിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ ഇയാൾ മൊഴി നല്കാൻ തയ്യാറാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.