കൊച്ചി: ‘പ്രിയപെട്ടവരെ, മക്കൾ ഇന്ന് പുതിയ സ്കൂളിലേക്ക്.. അവരുടെ ഡിഗ്നിറ്റി ഉയർത്തിപിടിച്ചു തന്നെ. അവളുടെ തലയിലെ മുക്കാൽ മീറ്റർ തുണി കണ്ടാൽ ഒപ്പമുള്ള ഒരു കുട്ടിയും പേടിക്കില്ല എന്ന് ഉറപ്പുള്ള കലാലയത്തിലേക്ക്’ ….
എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ ശിരോവസ്ത്ര വിലക്ക് നേരിട്ട പെൺകുട്ടിയുടെ പിതാവ് അനസ് നൈന മക്കൾ പുതിയ സ്കൂളിലേക്കു പോകുന്ന കാര്യം ബുധനാഴ്ച രാവിലെ തന്റെ ഫേസ് ബുക് പേജിലൂടെ അറിയിച്ചത്. മക്കൾ രണ്ടു പേരുടെയും ചിത്രവും പങ്കുവെച്ചായിരുന്നു ഫേസ് ബുക്ക് കുറിപ്പ്.
‘പ്രതിസന്ധി ഘട്ടത്തിൽ, ആൾക്കൂട്ടങ്ങളുടെയോ, സംഘടിത ശക്തിയുടെയോ പിൻ ബലമില്ലാത്ത ഒരു സാധാരണക്കാരനായ എന്റെ ഒപ്പം നിന്ന മുഴുവൻ പേർക്കും പ്രാർത്ഥനാ മനസോടെ, നന്ദിയോടെ… വൈവിധ്യങ്ങളുടെ കളറുള്ള പുതു ലോക ക്രമത്തിലേക്ക് നമ്മുടെ മക്കൾ യാത്ര തുടരട്ടെ’ -അദ്ദേഹം കുറിച്ചു.
പള്ളുരുത്തിയിലെ തന്നെ ഡോൺ പബ്ലിക് സ്കൂളിലാണ് മക്കളെ പുതുതായി ചേർത്തിയതെന്ന് പിതാവ് കമന്റ് ബോക്സിൽ മറുപടിയായി കുറിച്ചു. സെന്റ് റീത്താസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയായ മകൾ ശിരോവസ്ത്രം ധരിച്ച് സ്കൂളിലെത്തുന്നത് അധികൃതർ വിലക്കിയതിനെ പിതാവ് ചോദ്യം ചെയ്ത് രംഗത്തെത്തിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കം കുറിക്കുന്നത്. വിഷയത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടലിനെ തുടർന്ന് ഡെപ്യൂട്ടി ഡയറക്ടർ സുബിൻ പോൾ അന്വേഷണം നടത്തിയിരുന്നു.
അന്വേഷണത്തിന് ശേഷം സമർപ്പിച്ച റിപ്പോർട്ടിൽ സ്കൂളിൻറെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായി എന്നും സ്കൂൾ നിഷ്കർഷിക്കുന്ന യൂനിഫോമിൻറെ രീതിയിലെ ശിരോവസ്ത്രം ധരിച്ച് കുട്ടിക്ക് സ്കൂളിൽ വരാമെന്നും വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ സ്കൂൾ മാനേജ്മെൻറ് ഹൈകോടതിയെ സമീപിച്ചു. എന്നാൽ, ശിരോവസ്ത്രം ധരിച്ച കുട്ടിയെ സ്കൂളിൽ പ്രവേശിപ്പിക്കണമെന്ന ഡി.ഡി.ഇയുടെ റിപ്പോർട്ട് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. പിന്നാലെ മകളെ അതേ സ്കുളിലേക്ക് അയക്കുന്നില്ലെന്ന് പിതാവ് തന്നെ വ്യക്തമാക്കിയിരുന്നു. ആദ്യം അതേ സ്കൂളിൽ തന്നെ മകളെ പഠിപ്പിമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് നിലപാട് മാറ്റുകയായിരുന്നു.















































