പത്തനംതിട്ട: അമീബിക് മസ്തിഷ്കജ്വരം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിൽ, ശബരിമലതീർഥാടനത്തിൽ ജാഗ്രതാനിർദേശവുമായി ആരോഗ്യവകുപ്പ്. പമ്പാസ്നാനം നടത്തുമ്പോൾ മൂക്കിൽ വെള്ളം കയറാതെ ശ്രദ്ധിക്കണമെന്നാണ് അറിയിപ്പ്. വെള്ളത്തിൽ മുങ്ങുമ്പോൾ മൂക്ക് പൊത്തിപ്പിടിക്കുകയോ നേസൽ ക്ലിപ്പ് ഉപയോഗിക്കുകയോ ചെയ്യണമെന്നാണ് നിർദേശം.
പമ്പാനദിയിൽനിന്ന് അമീബിക് മസ്തിഷ്കജ്വരം ഉണ്ടാകാനുള്ള സാധ്യത കുറവാണ്. ഇപ്പോൾ നദിയിൽ ഒഴുക്കുള്ളതിനാൽ പ്രശ്നമില്ല. ജനുവരിയോടെ വെള്ളം കുറയുകയാണെങ്കിൽ, ത്രിവേണിയിൽ ചിലഭാഗങ്ങളിൽ ചെറിയ തടാകംപോലുള്ള ഭാഗങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്. അവിടെ നല്ല വെയിലുള്ള ഭാഗമാണ്. അത്തരം സാഹചര്യമാണ് രോഗസാധ്യതയുണ്ടാക്കുന്നത്. ഇവിടേക്ക് അയ്യപ്പന്മാരെ വിടാതിരിക്കാനുള്ള നിർദേശവും ആസമയത്ത് ആരോഗ്യവകുപ്പ് നൽകും.
തീർഥാടനകാലത്ത് ക്ഷേത്രക്കുളങ്ങളിൽ ക്ലോറിനേഷൻ അടക്കമുള്ളവ നടത്തണമെന്ന് ദേവസ്വം ബോർഡുകൾക്കും തദ്ദേശസ്ഥാപനങ്ങൾക്കും ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ആരോഗ്യകേന്ദ്രങ്ങൾ സജ്ജം
മണ്ഡലകാലം പ്രമാണിച്ച് ശബരിമലയിലേക്കുള്ള എല്ലാ പ്രധാനപാതകളിലും ആരോഗ്യവകുപ്പിന്റെ സേവനം സജ്ജമായി. പമ്പയിൽ 24 മണിക്കൂറും കൺട്രോൾ റൂം ഉണ്ടാകും. ദേവസ്വംബോർഡിന്റെ സഹകരണത്തോടെ പമ്പമുതൽ സന്നിധാനംവരെയുള്ള പാതയിൽ എമർജൻസി മെഡിക്കൽ സെന്ററുകൾ പ്രവർത്തിക്കും. കോന്നി മെഡിക്കൽ കോളേജാണ് ബേസ് ആശുപത്രി. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ അടിയന്തര കാർഡിയോളജി ചികിത്സയും കാത്ത് ലാബ് ചികിത്സയുമുണ്ടാകും.


















































