ന്യൂഡൽഹി: പ്രവാചകൻ സ്വന്തം നാട്ടിൽ അപമാനിക്കപ്പെടുമെന്ന് ബൈബിളിൽ പറയുന്ന പോലെയായിരുന്നു ഹാർദിക് പാണ്ഡ്യയുടേയും ക്രിക്കറ്റിലെ ജൈത്രയാത്ര. ഹോം ഗ്രൗണ്ടിൽ സ്വന്തം ആരാധകരിൽനിന്നുപോലും കൂവലുകൾ നേരിടേണ്ടിവന്നു. അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ മുംബൈ ക്യാപ്റ്റനായുള്ള ആദ്യ മത്സരത്തിൽ, ഹാർദിക്കിനെ സ്വന്തം നാട്ടുകാർതന്നെ കൂവുന്നതുകണ്ട് മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്‌സൺപോലും അദ്ഭുതപ്പെട്ടുപോയി. അത്ര ദയനീയമായിരുന്നു സ്വന്തം നാട്ടിൽ പോലും നേരിടേണ്ടി വന്നത്.
ഹാർദിക് പാണ്ഡ്യയുടെ ജീവിതം ആസ്പദമാക്കി ഒരു ബയോപിക് ഇറങ്ങുകയാണെങ്കിൽ, അത് മറ്റു താരങ്ങൾക്ക് പാഠമായിരിക്കുമെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് പറയുന്നു. ഗുജറാത്ത് ടൈറ്റൻസിൽനിന്ന് മുംബൈ ഇന്ത്യൻസിലേക്ക് ക്യാപ്റ്റനായെത്തിയതിനു പിന്നാലെ സമാനതകളില്ലാത്ത വിമർശനമാണ് ഹാർദിക് നേരിട്ടത്. ഒരു കളിക്കാരനും നേരിടേണ്ടിവന്നിട്ടില്ലാത്ത അപമാനവും മാനസിക സമ്മർദവുമാണ് ഹാർദിക് ആ കാലങ്ങളിൽ നേരിട്ടതെന്ന് കൈഫ് പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു. എന്നാൽ അതൊന്നും ഹാർദിക്കിനെ സമ്മർദത്തിലാക്കിയില്ല. സിംഹത്തെപ്പോലെ പോരാടി വിജയകരമായി തിരിച്ചുവരവ് നടത്തിയ ഹാർദിക്കിനെ കൈഫ് പ്രശംസകൊണ്ട് മൂടി.
കൈഫ് പറയുന്നതിങ്ങനെ- ‘ഹാർദിക് ആ വേദനകളൊക്കെ സ്വന്തം വേദനകളായിക്കണ്ട് മുന്നോട്ടുപോയി. അതായിരുന്നു ഹാർദിക്കിന്റെ തിരിച്ചുവരവിന്റെ കഥ. മോശമായിരുന്നു ആ യാത്ര. ആരാധകർ കൂവിവിളിച്ചു, ആളുകൾ അവനെ എഴുതിത്തള്ളി. ഒരു കളിക്കാരനെ സംബന്ധിച്ച്, അവഗണനകൾ സഹിച്ച് മുന്നോട്ടുപോവുക എന്നത് ആഴത്തിൽ വേദനയുണ്ടാക്കുന്നതാണ്. ഒരു താരം ഒരിക്കലും അത് മറക്കില്ല’ – കൈഫ് പറഞ്ഞു.
ഹാർദിക്കിനെ പുറത്താക്കാമായിരുന്നുവെന്നും അപമാനിക്കുക വഴി കടുത്ത മാനസിക പീഡനമാണ് അനുഭവിച്ചതെന്നും കൈഫ് വ്യക്തമാക്കി. ഇങ്ങനെയൊക്കെയാണെങ്കിലും, ടി20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയുടെ ഹെന്റിച്ച് ക്ലാസനെ പുറത്താക്കി കളി ഇന്ത്യക്കനുകൂലമായി തിരിച്ചു. ചാമ്പ്യൻസ് ട്രോഫിയിലും ഇന്ത്യയുടെ വിജയത്തിൽ നിർണായകമായ പങ്കുവഹിച്ചു. പന്തുകൊണ്ടും ബാറ്റുകൊണ്ടും ഒരുപ്പോലെ കഠിനമായി പോരാടി മികച്ച പ്രകടനം കാഴ്ചവച്ചു. ഹാർദിക്കിന്റെ ജീവിത കഥ എപ്പോഴെങ്കിലും പുറത്തുവന്നാൽ, പ്രതിബന്ധങ്ങളെ എങ്ങനെ നേരിടാമെന്നും ശാന്തത പാലിക്കാമെന്നും സ്വന്തം ശക്തികളിൽ വിശ്വസിക്കാമെന്നും തിരിച്ചുവരവ് നടത്താമെന്നും കളിക്കാർക്കുള്ള ഉദാഹരണങ്ങളായിരിക്കും ആ ഏഴ് മാസങ്ങളെന്നും കൈഫ് വീഡിയോയിൽ പറയുന്നു.