മുംബൈ: ഇന്നലെ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് വിജയം സമ്മാനിച്ച രോഹിത് ശർമയുടെ ഇടപെടലെന്ന് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. രോഹിത്തിന്റെ തീരുമാനം ടീമിന്റെ മുഖ്യ പരിശീലകനായ മഹേള ജയവർധന അംഗീകരിക്കാൻ തയാറായില്ലെന്നും ഹർഭജൻ സിങ് പറഞ്ഞു. ഡൽഹി ബാറ്റ് ചെയ്യുമ്പോൾ 13–ാം ഓവറിനു ശേഷം പന്തു മാറ്റാനും സ്പിന്നർമാരെക്കൊണ്ട് ബോൾ ചെയ്യിക്കാനും രോഹിത് ഡഗ്ഔട്ടിലിരുന്ന് നിർദ്ദേശിച്ചെങ്കിലും അതു കേൾക്കാൻ പോലും ജയവർധന തയാറായില്ലെന്നാണ് ഹർഭജന്റെ ആരോപണം.
ജയവർധന മൈൻഡ് ചെയ്യാത്തതിനെ തുടർന്ന് രോഹിത് നേരിട്ട് പാണ്ഡ്യയ്ക്കും കരൺ ശർമയ്ക്കും നിർദ്ദേശം നൽകുകയായിരുന്നുവെന്നും ഹർഭജൻ പറഞ്ഞു. ചിലപ്പോഴെങ്കിലും പരിശീലകർ ‘ഈഗോ’ മാറ്റിവച്ച് ടീമിനു ഗുണകരമാകുന്ന കാര്യങ്ങൾ അംഗീകരിക്കണമെന്നും ഹർഭജൻ പറഞ്ഞു.
ഹർഭജന്റെ വാക്കുകൾ ഇങ്ങനെ-
‘‘ഡൽഹി ക്യാപിറ്റൽസിനെതിരെ രോഹിത് ശർമയുടെ ഇടപെടലാണ് നിർണായകമായത്. സ്പിന്നർമാരെ ഇറക്കാനും കരൺ ശർമയെക്കൊണ്ട് ബോൾ ചെയ്യിക്കാനും രോഹിത്, മുംബൈയുടെ മുഖ്യ പരിശീലകനായ മഹള ജയവർധനയോട് ആവശ്യപ്പെട്ടു. രോഹിത്തിന്റെ ആശയം ഇഷ്ടപ്പെടാത്തതിനാൽ അതു കേൾക്കാൻ പോലും ജയവർധന കൂട്ടാക്കിയില്ല. ആ മത്സരത്തിൽ ജയവർധന പറഞ്ഞത് കേട്ടിരുന്നെങ്കിൽ മുംബൈ തോൽക്കുമായിരുന്നുവെന്ന് തീർച്ചയാണ്. രോഹിത് ഉണ്ടായിരുന്നതുകൊണ്ട് അന്ന് മുംബൈ രക്ഷപ്പെട്ടു. രോഹിത്താണ് യഥാർഥ ക്യാപ്റ്റൻ. എപ്പോഴും ക്യാപ്റ്റനേപ്പോലെ ചിന്തിക്കുന്നയാൾ. ക്യാപ്റ്റൻ എക്കാലവും ക്യാപ്റ്റൻ തന്നെയായിരിക്കുമെന്ന് പറയുന്നത് ഇതാണ്. രോഹിത്തിന്റെ ഒറ്റ ഇടപെടലാണ് അന്ന് മുംബൈയ്‌ക്ക് വിജയം സമ്മാനിച്ചത്’
‘‘രോഹിത്തിന്റെ നിർദ്ദേശപ്രകാരം ബോളിങ്ങിന് നിയോഗിക്കപ്പെട്ട കരൺ ശർമ മൂന്നു വിക്കറ്റാണ് പിഴുതത്. മത്സരം മാറ്റിമറിച്ചതും അദ്ദേഹത്തിന്റെ സ്പെൽ തന്നെ. അതൊരു സുവർണ നീക്കമായിരുന്നു. ലക്നൗവിനെതിരായ മത്സരത്തിൽ രോഹിത് ഡഗ്ഔട്ടിലുണ്ടായിരുന്നെങ്കിൽ തിലക് വർമയെ റിട്ടയേഡ് ഔട്ടാക്കി പകരം മിച്ചൽ സാന്റ്നറിനെ ഇറക്കാൻ സമ്മതിക്കുമായിരുന്നില്ല. അത് മഹേള ജയവർധന കൈക്കൊണ്ട മോശം തീരുമാനമായിരുന്നു. ചിലപ്പോഴെങ്കിലും പരിശീലകർ അവരുടെ ഈഗോ മാറ്റിവച്ച് എന്താണ് ടീമിന് ഗുണകരം എന്നുകൂടി ചിന്തിക്കണം. രോഹിത് ശർമ തുടർന്നും ഡഗ്ഔട്ടിൽനിന്ന് ഇത്തരം വിലയേറിയ നിർദേശങ്ങൾ നൽകുന്നത് തുടരുമെന്നാണ് ഞാൻ കരുതുന്നത്’.
‘‘ഇന്നലെ നടന്ന മുംബൈയും ഡൽഹിയും തമ്മിലുള്ള മത്സരം ഉജ്വലമായിരുന്നു. കാണികൾക്ക് തീർച്ചയായും അവർ മുടക്കിയ പണം മുതലായ മത്സരമായിരുന്നു അത്. സമ്മർദ്ദ ഘട്ടങ്ങളെ വിദഗ്ധമായി കൈകാര്യം ചെയ്താണ് മുംബൈ 205 റൺസ് വിജയകരമായി പ്രതിരോധിച്ചത്. ഈ വിജയം മുംബൈയുടെ ആത്മവിശ്വാസം ഉയർത്തുമെന്ന് തീർച്ച. വലിയൊരു വിജയമാണിത്. കരുൺ നായർ ബോളർമാരെ കടന്നാക്രമിച്ചതോടെ മുംബൈയ്ക്ക് നില തെറ്റിയതാണ്. ആർക്കും തടയാനാകാത്ത കാട്ടുതീ പോലെയായിരുന്നു കരുണിന്റെ ഇന്നിങ്സ്.’ – ഹർഭജൻ പറഞ്ഞു.
നേരത്തെ, ജയസാധ്യതകൾ മാറിമറിഞ്ഞ ഐപിഎൽ പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിന് സീസണിലെ ആദ്യ തോൽവി സമ്മാനിച്ച് മുംബൈ ഇന്ത്യൻസ് ജയിച്ചുകയറിയതിനു പിന്നാലെ മുംബൈ വിജയത്തിൽ രോഹിത് ശർമയുടെ ഇടപെടൽ തെളിയിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യയാണെങ്കിലും, ഡഗ്ഔട്ടിലിരുന്ന് രോഹിത് നൽകിയ നിർണായക നിർദ്ദേശം ടീമിന്റെ വിജയത്തിലേക്ക് വഴിതുറന്നത് സമൂഹമാധ്യമങ്ങളിലും പ്രധാന ചർച്ചയായിരുന്നു.
അതേസമയം മത്സരത്തിൽ ഡൽഹി ബാറ്റ് ചെയ്യുമ്പോൾ ഇംപാക്ട് പ്ലെയറായ കരൺ ശർമയ്‌ക്കായി വഴിമാറി ഡഗ്ഔട്ടിലായിരുന്നു രോഹിത്. 13–ാം ഓവറിൽ പന്തു മാറ്റാനുള്ള മുംബൈ ഇന്ത്യൻസിന്റെ അപേക്ഷ അംഗീകരിക്കപ്പെട്ടതോടെ, സ്പിന്നർമാരെ ബോളിങ്ങിന് നിയോഗിക്കാൻ രോഹിത് ഡഗ്ഔട്ടിലിരുന്ന് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്ക് നിർദ്ദേശം നൽകുന്നതാണ് ദൃശ്യങ്ങളിലുള്ളത്.