ജറുസലേം: ഇസ്രയേൽ മുന്നോട്ടുവച്ച വെടിനിർത്തൽ ചർച്ചകളുടെ ഭാഗമായുള്ള ‘നിരായുധീകരണം’ ആവശ്യം പാടെ തള്ളി ഹമാസ്. ജറുസലേം തലസ്ഥാനമായി ഒരു സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതുവരെ ആയുധം താഴെ വയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഹമാസ് നേതൃത്വം പ്രഖ്യാപിച്ചു.
അതേസമയം നിരായുധീകരണം നടത്താൻ ഹമാസ് സന്നദ്ധത പ്രകടിപ്പിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. എന്നാൽ ഇതുപാടെ തള്ളിയാണ് ഹമാസിന്റെ പ്രതികരണമെത്തിയിരിക്കുന്നത്.
‘‘പരമാധികാര പലസ്തീൻ രാഷ്ട്രം സ്ഥാപിതമാകുന്നതു വരെ സായുധ പോരാട്ടം തുടരും. ചെറുത്തുനിൽക്കാനുള്ള ഞങ്ങളുടെ അവകാശം ഞങ്ങൾ ഉപേക്ഷിക്കില്ല. ആയുധങ്ങൾ താഴെ വയ്ക്കുകയുമില്ല.’’ – ഹമാസ് നേതൃത്വം പ്രസ്താവനയിലൂടെ അറിയിച്ചു. ഇതോടെ കഴിഞ്ഞ ഒരാഴ്ചയായി ഇസ്രയേലും ഹമാസും തമ്മിൽ നടക്കുന്ന ചർച്ചകൾ പരാജയപ്പെട്ടു. അതേസമയം, അറബ് രാജ്യങ്ങളും നിരവധി പാശ്ചാത്യ രാജ്യങ്ങളും ഹമാസിനോട് നിരായുധീകരണം നടത്താൻ ആവശ്യപ്പെട്ടിട്ട് രംഗത്തെത്തിയിട്ടുണ്ട്.