ന്യൂഡൽഹി: ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ താൽക്കാലിക വിസി നിയമനവുമായി ബന്ധപ്പെട്ട് സർക്കാരും ഗവർണറും രണ്ടുതട്ടിൽ നിൽക്കുമ്പോൾ പുതിയ നിർദേശം മുന്നോട്ടുവച്ച് സുപ്രിം കോടതി. വിസിമാരെ കണ്ടെത്താൻ സുപ്രീം കോടതി സേർച്ച് കമ്മിറ്റിയെ നിയോഗിക്കും. എന്നാൽ കമ്മിറ്റിയിലേക്ക് അഞ്ച് പേരുകൾ നൽകണമെന്നും കോടതി നിർദേശിച്ചു. സർക്കാരിനും ഗവർണർക്കും യുജിസിക്കും പേരുകൾ നൽകാം. നാളെ പേരുകൾ നിർദേശിക്കണം. സേർച്ച് കമ്മിറ്റി നൽകുന്ന പാനലിൽനിന്ന് ഗവർണർ തിരഞ്ഞെടുപ്പ് നടത്തണം. പ്രശ്നം പരിഹരിക്കാൻ നിങ്ങളോട് കൈകൂപ്പി അഭ്യർഥിക്കുകയാണെന്നും സുപ്രീം കോടതി പറഞ്ഞു.
അതേസമയം എന്താണ് സ്ഥിരം വിസി നിയമനം വൈകുന്നതെന്നു കോടതി സർക്കാരിനോടു ചോദിച്ചു. ഗവർണർ സഹകരിക്കുന്നില്ലെന്ന് സർക്കാർ അഭിഭാഷകൻ പറഞ്ഞു. സേർച്ച് കമ്മിറ്റി രൂപീകരിക്കാൻ ആർക്കാണ് അധികാരമെന്ന ചോദ്യത്തിനു സർക്കാരിനാണ് അധികാരമെന്ന് സർക്കാർ വാദിച്ചു. അങ്ങനെയാണ് ചട്ടങ്ങളിൽ കാണുന്നതെന്ന് കോടതിയും പറഞ്ഞു. തുടർന്നാണ്, തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ സേർച്ച് കമ്മിറ്റിയെ തങ്ങൾ നിയമിക്കാമെന്ന് കോടതി പറഞ്ഞത്.
ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ താൽക്കാലിക വി.സിമാരുടെ പുനർനിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്. നിയമന അധികാരം സർക്കാരിനായിരിക്കെ ഗവർണർ ഏകപക്ഷീയമായാണ് താൽക്കാലിക വിസിമാരെ നിയമിച്ചതെന്നും ഇതു ചട്ടവിരുദ്ധമായതിനാൽ ഉത്തരവു റദ്ദാക്കണമെന്നുമാണ് കേരളം സുപ്രിം കോടതിയെ അറിയിച്ചത്.
നേരത്തെ വിസി നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ ഗവർണർ നൽകിയ ഹർജിയിൽ സുപ്രീം കോടതി ഇടക്കാല ഉത്തരവു പുറപ്പെടുവിച്ചിരുന്നു. സ്ഥിരനിയമനം നടത്തുകയോ, അതുവരെ 6 മാസത്തേക്ക് താൽക്കാലിക നിയമനം നടത്തുകയോ ചെയ്യാമെന്നായിരുന്നു കോടതി ഉത്തരവ്. സുപ്രീം കോടതി ഉത്തരവിനു പിന്നാലെ ഡോ. സിസ തോമസിനെ ഡിജിറ്റൽ സർവകലാശാലയിലും കെ. ശിവപ്രസാദിനെ സാങ്കേതിക സർവകലാശാലയിലും താൽക്കാലിക വിസിമാരായി പുനർനിയമിച്ച് ഗവർണർ വിജ്ഞാപനമിറക്കിയിരുന്നു.