കൊച്ചി: ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലേക്ക് സ്വർണ്ണത്തിന്റെ കുതിപ്പ് തുടരുന്നു. വ്യാഴാഴ്ച പവന്റെ വില പുതിയ ഉയരം കുറിച്ചു. ഗ്രാമിന് 20 രൂപ കൂടി 8310 രൂപയും പവന് 160 രൂപ കൂടി 66,480 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഇതോടെ രണ്ടാഴ്ചക്കിടെ പവന്റെ വിലയിൽ 2,960 രൂപയാണ് കൂടിയത്. മാർച്ച് മൂന്നിന് 63,520 രൂപയായിരുന്നു സ്വർണ വില.
18 കാരറ്റ് സ്വർണം ഗ്രാമിന് 6825 രൂപയും വെള്ളി ഗ്രാമിന് 112 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. മധ്യേഷ്യയിലെ സംഘർഷം രൂക്ഷമായതും ട്രംപിന്റെ താരിഫ് നയവുമാണ് സ്വർണവിലയിലെ കുതിപ്പിന് പിന്നിൽ. ഹമാസ് കേന്ദ്രങ്ങളിൽ ഇസ്രായേൽ ആക്രമണം ശക്തമാക്കിയതും സ്വർണം നേട്ടമാക്കി. അതേസമയം യുഎസ് ഫെഡിന്റെ ധനനയ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് നിക്ഷേപകർ. ട്രംപിന്റെ നയങ്ങൾ വിലക്കയറ്റം രൂക്ഷമാക്കുമെന്നാണ് വിലയിരുത്തൽ. അങ്ങനെയെങ്കിൽ സമീപകാലയളവിൽ നിരക്ക് കുറയ്ക്കലിന് സാധ്യതയില്ലെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.
അതേസമയം സ്വർണത്തിന് വില പിടിച്ചുനിർത്താൻ സാധിക്കാതെ വന്നതോടെ വിവാഹ പാർട്ടിക്കാർ അടക്കം വെള്ളിയിലേക്കു ചുവടുമാറ്റം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് സ്വർണവ്യാപാരികൾ പറയുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ വെള്ളിക്ക് 40% വില കൂടിയെങ്കിലും സ്വർണ വിലയെ അപേക്ഷിച്ച് വെള്ളിയാഭരണങ്ങൾ തന്നെയാണ് മെച്ചം. ഇതോടെ സ്വർണം പൂശിയ വെള്ളി ആഭരണങ്ങൾക്കും ആവശ്യക്കാരേറി. കഴിഞ്ഞ ഒരു വർഷത്തിനിടെ വെള്ളി ആഭരണ വിൽപനയിൽ 40% വരെ വർധന ഉണ്ടെന്ന് വ്യാപാരികൾ പറയുന്നു.
കേരളത്തെ ആഗോള ഇസ്പോർട്സ് കേന്ദ്രമാക്കി മാറ്റാൻ കർമ്മ പദ്ധതിയുമായി കേരള ഇസ്പോർട്സ് ഫെഡറേഷൻ (AKEF)
കൂടാതെ ഹോൾമാർക്കിങ് ഉള്ളതിനാൽ സ്വർണക്കടകൾ സ്വർണം പോലെ വെള്ളിയും തിരിച്ചെടുക്കും. 500 രൂപയുടെ വെള്ളി കമ്മലോ മറ്റോ സ്വർണം പൂശിയതാണെങ്കിൽ വില 2000–3000 വരെ എത്തുമെങ്കിലും സ്വർണവുമായി താരതമ്യം ചെയ്യുമ്പോൾ ബഡ്ജറ്റ് ഫ്രെണ്ട്ലിയാണ് എന്നതിനാൽ ആവശ്യക്കാരേറുന്നു.