കൊച്ചി: അക്ഷയതൃതീയ, വിവാഹ ആഘോഷങ്ങൾ അടുത്തെത്തിയിരിക്കെ സ്വർണ്ണവില മൂന്നാം ദിവസവും അതിന്റെ റെക്കോർഡ് കുതിപ്പ് തുടരുന്നു. സ്വർണ്ണവില ഇന്ന് ഗ്രാമിന് 25രൂപയും, പവന് 200 രൂപയും വർദ്ധിച്ച്, 8770 രൂപ ഗ്രാമിനും 70,160 രൂപ പവനും വിലയായി. അന്താരാഷ്ട്ര സ്വർണ്ണവില 3237 ഡോളറും, രൂപയുടെ വിനിമയ നിരക്ക് 86.10 ആണ്. അതേപോലെ 18 കാരറ്റ് സ്വർണം ഗ്രാമിന് 7,220 രൂപയായി. അതേസമയം വെള്ളിവിലയിലും വർദ്ധനവുണ്ടായി. വെള്ളി ഗ്രാമിന് 107 രൂപയിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്.
ഇതോടെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 76000 രൂപയെങ്കിലും നൽകണം. അതേസമയം ജനങ്ങളുടെ കൈവശമുള്ള സ്വർണ്ണത്തിനും മൂല്യം വർധിക്കുകയാണ്. സ്വർണ്ണവില കൂടുന്നതിന് ആധാരമായ ഭൗമ രാഷ്ട്ര സംഘർഷങ്ങളും വ്യാപാരയുദ്ധങ്ങളും, അതേപടി തുടരുകയാണ്. തീരുവ കൂട്ടിയത് സംബന്ധിച്ച് ചൈനീസ് നടപടികൾ ഇതുവരെ പുറത്തുവന്നിട്ടില്ല.
കഴിഞ്ഞ 4 ദിവസത്തിനിടെ കേരളത്തിൽ പവനു കൂടിയത് 4,360 രൂപയാണ്. യുഎസ്- ചൈന വ്യാപാരയുദ്ധം അനുദിനം വഷളാവുകയും യുഎസ് ഡോളർ 2022നു ശേഷമുള്ള ഏറ്റവും കനത്ത മൂല്യത്തകർച്ചയിലേക്ക് കൂപ്പുകുത്തുകയും ചെയ്തതോടെ രാജ്യാന്തരവില കത്തിക്കയറിയതാണ് കേരളത്തിലും വില കൂടാൻ ഇടയാക്കുന്നത്.
സ്വർണവിലയിലെ വർദ്ധനവ് വിവാഹപ്പാർട്ടികൾക്കും വ്യാപാരികൾക്കുമാണ് അക്ഷരാർഥത്തിൽ അടിയായിരിക്കുന്നത്. മുൻകൂട്ടി ബുക്കിങ് നടത്തിയ വ്യാപാരികളെ സംബന്ധിച്ച് സ്വർണവില വർദ്ധനവ് ഏറെ നഷ്ടം വരുത്തിവയ്ക്കും. അതേസമയം വിവാഹത്തിന് മുൻകൂട്ടി സ്വർണം ബുക്ക് ചെയ്യാത്തവരെ സംബന്ധിച്ച് നിലവിലെ വർദ്ധനവ് കനത്ത ആഘാതമാണ് സൃഷ്ടിക്കുക.