റായ്പൂർ: കന്യാസ്ത്രീകൾ നിരപരാധികളാണെന്നും നിർബന്ധിത മതപരിവർത്തനം ഉണ്ടായിട്ടില്ലെന്നു ചത്തീസ്ഗഢിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ മലയാളി കന്യാസ്ത്രീകൾക്കൊപ്പം ഉണ്ടായിരുന്ന പെൺകുട്ടികളുടെ വെളിപ്പെടുത്തൽ. പക്ഷെ തങ്ങളെ പിടിച്ച ബജ്റംഗ്ദൾ നേതാവ് ജ്യോതി ശർമ്മയുടെ നേതൃത്വത്തിൽ പോലീസ് നോക്കി നിൽക്കെ മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചെന്നും പെൺകുട്ടികൾ ആരോപിച്ചു. തങ്ങൾ പറയുന്നപോലെ പറഞ്ഞില്ലെങ്കിൽ റേപ്പ് ചെയ്യുമെന്ന് ഒപ്പമുള്ളവർ ഭീഷണിപ്പെടുത്തി. കന്യാസ്ത്രീകൾക്കൊപ്പം പോയ പെൺകുട്ടികൾ റിപ്പോർട്ടറിനോട് വെളിപ്പെടുത്തിയതാണ് ഇക്കാര്യങ്ങൾ
‘ഞങ്ങൾ സ്വന്തം ഇഷ്ടപ്രകാരം, മാതാപിതാക്കളുടെ സമ്മതത്തോടെയാണ് കന്യാസ്ത്രീകൾക്കൊപ്പം പോയത്. പാചക ജോലിക്കാണെന്നും സംരക്ഷണം നൽകാമെന്നും അവർ ഉറപ്പ് നൽകിയിരുന്നു. പക്ഷെ മതപരിവർത്തനമോ, മനുഷ്യക്കടത്തോ ഉണ്ടായിട്ടില്ല’. ഇക്കാര്യത്തിൽ കന്യാസ്ത്രീകൾ നിരപരാധികളാണ്. ജോലിക്ക് പോയത് മാതാപിതാക്കളുടെ സമ്മതപ്രകാരമാണ്. ജ്യോതി ശർമയെ ജയിലിൽ അടയ്ക്കണം. പരാതിയുമായി മുന്നോട്ട് പോകുമെന്നും പെൺകുട്ടികൾ പറഞ്ഞു.
അതേസമയം മുറിയിൽ പൂട്ടിയിട്ടു സത്യം പറയരുതെന്നും താൻ പറയുന്നതേ പറയാവൂ എന്നും ജ്യോതി ശർമ ഭീഷണിപ്പെടുത്തി. പോലീസുകാരും തങ്ങളെ ഭീഷണിപ്പെടുത്തി. വീട്ടിൽ പോകണോ, ജയിലിൽ പോകണോ തീരുമാനിച്ചോയെന്നായിരുന്നു ഭീഷണി. ചെറുപ്പം മുതൽ തങ്ങൾ ക്രൈസ്തവ വിശ്വാസികളാണ്. മതപരിവർത്തനം ഉണ്ടായിട്ടില്ല. കന്യാസ്ത്രീകൾക്കെതിരായ ആരോപണങ്ങൾ തെറ്റാണ്. ജോലി ചെയ്ത് കുടുംബം പോറ്റണം. സംരക്ഷിക്കാം, ജോലി നൽകാം എന്നാണ് കന്യാസ്ത്രീകൾ പറഞ്ഞത്. പഠിപ്പിക്കാം എന്നും കന്യാസ്ത്രീകൾ പറഞ്ഞുവെന്ന് പെൺകുട്ടികൾ വെളിപ്പെടുത്തി.
ജ്യോതി ശർമയ്ക്കെതിരെ നിയമനടപടിയുമായി മുന്നോട്ടെന്ന് തന്നെയാണ് തങ്ങളുടെ തീരുമാനമെന്നാണു പെൺകുട്ടികൾ പറയുന്നത്. എന്നാൽ പെൺകുട്ടികളുടെ പരാതിയിൽ നിലവിൽ ബജ്റംഗ് ദൾ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തിട്ടില്ല. നാരായൺപൂരിൽ സിപിഐ സംരക്ഷണയിലാണ് ഇപ്പോൾ ഈ പെൺകുട്ടികൾ ഉള്ളത്.