ആലപ്പുഴ: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന നേതാവ് ജി സുധാകരൻ. പാർട്ടി നേതൃത്വത്തിന്റെ നിലപാടുകളെ ചോദ്യം ചെയ്ത അദ്ദേഹം, എം വി ഗോവിന്ദൻ നേതൃത്വം വഹിക്കാൻ അർഹനല്ലെന്നും നാണമുണ്ടെങ്കിൽ സ്ഥാനമൊഴിയണമെന്നും ആവശ്യപ്പെട്ടു.
“അയാൾ പറയുന്നത് ആർക്കെങ്കിലും മനസ്സിലാകുമോ? എം വി ഗോവിന്ദൻ വലിയ സൈദ്ധാന്തികനാണെന്ന് പറയുന്നത് ചില മാധ്യമപ്രവർത്തകർ മാത്രമാണ്. യാഥാർഥത്തിൽ നേതൃസ്ഥാനത്തിരുന്നുകൊണ്ട് പാർട്ടിക്കെതിരെ പ്രവർത്തിക്കുന്ന വ്യക്തിയാണ് അദ്ദേഹം. അങ്ങനെയെങ്കിൽ വർഗവഞ്ചകൻ ആരാണെന്ന് എല്ലാവർക്കും അറിയാം,” ജി സുധാകരൻ പറഞ്ഞു.
എം വി ഗോവിന്ദൻ കൂടുതൽ ഉത്തരവാദിത്തത്തോടെയും രാഷ്ട്രീയ പക്വതയോടെയും പെരുമാറണമെന്നും ജി സുധാകരൻ ആവശ്യപ്പെട്ടു. “വാ അടയ്ക്കുന്നതാണ് ഗോവിന്ദന് നല്ലത്. രാഷ്ട്രീയ വകതിരിവ് കാണിക്കണം. നാണമുണ്ടെങ്കിൽ സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിവെച്ച് പോകണം,” എന്നും അദ്ദേഹം വിമർശിച്ചു.
സ്വന്തം വർഗത്തെ (തൊഴിലാളി-കർഷക വർഗങ്ങളെ) പരാജയപ്പെടുത്തിക്കൊണ്ട് മുതലാളിത്ത-സാമ്രാജ്യത്വ ശക്തികൾക്കും ബൂർഷ്വാ വർഗത്തിനും സന്തോഷമുണ്ടാക്കുന്ന രീതിയിൽ പ്രവർത്തിക്കുന്നതാണ് യഥാർഥ വർഗവഞ്ചന. പാർട്ടി നേതൃത്വത്തിലിരുന്ന് സ്വന്തം പാർട്ടിക്കെതിരായി പ്രവർത്തിക്കുന്ന വ്യക്തിയാണ് ഗോവിന്ദനെന്നും പാർട്ടിയുടെ അധഃപതനത്തിന് അദ്ദേഹം കാരണമാകുന്നുവെന്നും സുധാകരൻ ആരോപിച്ചു.
സ്വന്തം ജില്ലയായ കണ്ണൂരിൽ അഞ്ച് സീറ്റുകളിൽ യു.ഡി.എഫ് വിജയിച്ചിട്ടും അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ പരിഹസിച്ചു. ഇത്രയും വലിയ തിരിച്ചടിയുണ്ടായിട്ടും സ്ഥാനമൊഴിയാൻ തയ്യാറാകാത്ത ഗോവിന്ദൻ ആ കസേരയിൽ ഇരിക്കാൻ യോഗ്യനല്ലെന്നും പാർട്ടി അദ്ദേഹത്തെ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
താൻ പാർട്ടി മെമ്പർഷിപ്പ് പുതുക്കാതിരുന്നത് സ്വന്തം ഇഷ്ടപ്രകാരമാണ്. അതിൽ മറ്റ് രാഷ്ട്രീയ കാരണങ്ങൾ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. താൻ സി.പി.എമ്മിൽ നിന്ന് പുറത്താക്കപ്പെട്ട ആളല്ല. പാർട്ടിയിൽ നിന്ന് രാജിവെച്ചതല്ല. പാർട്ടി ഭരണഘടനയിൽ തന്നെ ഒരു മെമ്പർക്ക് മെമ്പർഷിപ്പ് ഉപേക്ഷിക്കാൻ അവകാശമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ കാരണങ്ങളാലാണ് രാജിവെക്കുന്നതെങ്കിൽ അത് പാർട്ടി അംഗീകരിക്കില്ല. പുറത്താക്കുകയുമാണ് ചെയ്യുക. എന്നാൽ താൻ സ്വയം മാറി നിന്നതാണ്. മെമ്പർഷിപ്പ് പുതുക്കുന്നില്ലെന്ന കാര്യം താൻ ബ്രാഞ്ചിൽ പോയി പറഞ്ഞു. അവർ അത് അംഗീകരിച്ചു. മെമ്പർഷിപ്പ് പുതുക്കാതിരുന്ന തന്നെ വർഗവഞ്ചകൻ എന്ന് വിളിക്കുന്നത് തെറ്റാണ്. താൻ ഇപ്പോൾ സ്വതന്ത്രനാണെന്നും എൽ.ഡി.എഫിലോ യു.ഡി.എഫിലോ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. എങ്കിലും മുഖ്യമന്ത്രി ചെയ്യുന്ന നല്ല കാര്യങ്ങളെ താൻ പിന്തുണയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
അതേസമയം എം.വി ഗോവിന്ദനെ കണക്കറ്റ് വിമർശിച്ചെങ്കിലും പ്രതിപക്ഷ നേതാവ് പിണറായി വിജയനെ അതേപോലെ കാണാൻ സുധാകരൻ തയ്യാറായില്ല. പിണറായി വിജയൻ കേരളത്തിലെ പവർഫുൾ ആയ രാഷ്ട്രീയ നേതാവായിരുന്നുവെന്നും അദ്ദേഹത്തിന്റെ കരുത്തിന് ഇപ്പോഴും കുറവൊന്നുമില്ലെന്നും ജി. സുധാകരൻ പറഞ്ഞു. മുൻപ് പിണറായി വിജയനെ സംരക്ഷിക്കാൻ താനും ശ്രീമതി ടീച്ചറും ഇ.പി. ജയരാജനും ഉൾപ്പെടെയുള്ള ഒരു നിര തന്നെ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അദ്ദേഹത്തെ സംരക്ഷിക്കാൻ ആരുമില്ലെന്നും, പകരം കൂടെയുള്ളവരെയൊക്കെ ചുമക്കേണ്ട ഗതികേടിലാണ് അദ്ദേഹമെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.
പിണറായി വിജയന്റെ കുടുംബത്തെക്കുറിച്ച് താൻ മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്നും അക്കാര്യത്തിൽ മാധ്യമങ്ങളിൽ വന്നത് കള്ള റിപ്പോർട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. താൻ പിണറായി വിജയനെ വ്യക്തിപരമായി അധിക്ഷേപിക്കില്ലെന്നും എന്നാൽ പാർട്ടിയുടെ നിലവിലെ നിലപാടുകളിൽ ബോധ്യമില്ലാത്തതിനാൽ രാഷ്ട്രീയമായി വിമർശിക്കുമെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ സേവനങ്ങളെക്കുറിച്ചും തന്നോടുള്ള സ്‌നേഹത്തെക്കുറിച്ചും തനിക്ക് നല്ല ഓർമ്മയുണ്ടെന്നും സുധാകരൻ കൂട്ടിച്ചേർത്തു.


















































