കോട്ടയം: നാലുവയസുകാരൻ ക്ലാസ്മുറിയിൽ നിന്നു കഴിച്ച ചോക്‌ലേറ്റിൽ ലഹരിയുടെ അംശമെന്ന് പരിശോധനാ റിപ്പോർട്ട്. കോട്ടയം മണർകാട് അങ്ങാടിവയൽ സ്വദേശികളുടെ മകനാണ് ചോക്‌ലേറ്റ് കഴിച്ച് അബോധാവസ്ഥയിലായത്. വീട്ടിലെത്തിയ കുട്ടി അപ്പോൾതന്നെ മയങ്ങിപ്പോവുകയായിരുന്നു.
ആദ്യം ഉറങ്ങുകയാണെന്നു മാതാപിതാക്കൾ കരുതിയെങ്കിലും എത്ര വിളിച്ചിട്ടും എഴുന്നേൽക്കാതെ വന്നതോടെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ വിദഗ്ധ പരിശോധനയിലാണ് കുട്ടിയുടെ ഉള്ളിൽ ലഹരി പദാർത്ഥത്തിന്റെ അംശം കണ്ടെത്തിയത്.
കഴിഞ്ഞ മാസം 17നാണ് സംഭവം നടന്നത്. രക്തസമ്മർദ്ദം കൂടിയതിന് പിന്നാലെ കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കൾ പോലീസിലും കളക്ടർക്കും പരാതി നൽകി. ക്ലാസ് മുറിയിലെ ഡസ്കിലിരുന്ന ചോക്ലേറ്റ് കുട്ടിയെടുത്തുകഴിക്കുകയായിരുന്നുവെന്ന് കുട്ടി പിന്നീട് പറഞ്ഞു. കഴിച്ചയുടൻ ഉറക്കം വന്നതായും കുട്ടി പറയുന്നു.
കുട്ടിയുടെ ശരീരത്തിൽ നിന്ന് ബെൻസോഡായാപെൻസിന്റെ അംശമാണ് കണ്ടെത്തിയത്. ഉറക്കമില്ലായ്മ അടക്കമുള്ള രോഗാവസ്ഥയ്ക്ക് നൽകുന്ന മരുന്നാണ് ബെൻസോഡായാപെൻസ്. ചിലർ ലഹരിക്കായും ഈ മരുന്ന് ഉപയോഗിക്കാറുണ്ട്. പക്ഷേ കുട്ടി കഴിച്ച ചോക്‌ലേറ്റിൽ ഇതിന്റെ അംശം എങ്ങനെ വന്നെന്നത് ഇപ്പോഴും അവ്യക്തമാണ്. ക്ലാസ് മുറിയിൽ എങ്ങനെ ചോക്‌ലേറ്റ് എത്തിയെന്ന് അറിയില്ലെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. കുട്ടി ആശുപത്രി വിട്ട് വീട്ടിലെത്തിയെങ്കിലും ആരോഗ്യനില മെച്ചപ്പെട്ട് വരുന്നതേയുള്ളു.