റാന്നി: വയോധികയുടെ സംസ്കാര ചടങ്ങിൽ കർമം ചെയ്യുന്നതിനിടെ ഗ്യാസ് ക്രിമറ്റോറിയത്തിലെ പാചക വാതകത്തിൽ നിന്ന് തീ പടർന്ന് 3 പേർക്കു പൊള്ളലേറ്റു. പുതമൺ പുത്തൻപുരയ്ക്കൽ ജിജോ (39), തോട്ടമൺ മേപ്രത്ത് രാജേഷ് (37), സുഹൃത്ത് പ്രദീപ് എന്നിവർക്കാണു പൊള്ളലേറ്റത്. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
പഴവങ്ങാടി പഞ്ചായത്തിന്റെ ജണ്ടായിക്കൽ വാതക ശ്മശാനത്തിൽ ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണു സംഭവം. തോട്ടമൺ മേപ്രത്ത് പരേതനായ രാജന്റെ ഭാര്യാ മാതാവ് ജാനകിയമ്മയുടെ സംസ്കാരത്തിനിടെയാണ് സംഭവം. മൃതദേഹം ചൂളയിൽ വച്ച ശേഷം അഗ്നി പകരുന്നതിന് ജിജോ കർപ്പൂരം കത്തിച്ചു വയ്ക്കുന്നതിനിടെ ദേഹത്തേക്ക് തീ ആളിപ്പടരുകയായിരുന്നു. ജാനകിയമ്മയുടെ കൊച്ചുമക്കളാണ് പൊള്ളലേറ്റ ജിജോയും രാജേഷും. ഇവരുടെ സുഹൃത്താണ് പ്രദീപ്. അപകടത്തിൽ ജിജോയ്ക്കാണ് സാരമായ പൊള്ളലേറ്റത്. വാതകം തുറന്നു വിട്ടിരുന്നത് ഇവർ അറിഞ്ഞിരുന്നില്ല.
അതേസമയം ശ്മശാനത്തിലെ ജോലിക്ക് പഞ്ചായത്ത് ചുമതലപ്പെടുത്തിയിട്ടുള്ളവർ മദ്യപിച്ചിരുന്നതായി ചടങ്ങിൽ പങ്കെടുത്തവർ പറയുന്നു. മദ്യപിച്ച് ഇവർ അശ്രദ്ധയോടെ വാതകം തുറന്നു വിട്ടതാണ് അപകടകാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.