മലപ്പുറം: അരീക്കോട്ട് മകളെ ക്രൂരമായി ബലാത്സംഗംചെയ്ത കേസിലും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലും പിതാവിന് 178 വർഷം തടവ് വിധിച്ച് കോടതി. 2022-23 കാലയളവിൽ 11 വയസുകാരിയെ പിതാവ് ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്. വിവിധ വകുപ്പുകളിലായാണ് മഞ്ചേരി പോക്‌സോ കോടതി പ്രതിക്ക് 178 വർഷം ശിക്ഷ വിധിച്ചത്. ശിക്ഷാ കാലയളവിൽ ഒരു വർഷം കഠിനതവിനും വിധിച്ചിട്ടുണ്ട്. 10 ലക്ഷത്തിലധികം രൂപ പിഴയും വിധിച്ചിട്ടുണ്ട്.
നിലവിൽ പ്രതി മറ്റൊരു ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയാണ്. അയൽവാസിയും ഭിന്നശേഷിക്കാരിയുമായ യുവതിയെ വീട്ടിൽ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്ത കേസിലാണ് ഇയാൾ ജയിലിലായത്. ഈ കേസിൽ മഞ്ചേരി കോടതിയിൽനിന്നും 10 വർഷം കഠിന തടവിനാണ് ഇയാൾക്ക് ശിക്ഷ ലഭിച്ചത്. ജയിലിൽ ആയിരിക്കെയാണ് 11-കാരിയെ ബലാത്സംഗംചെയ്ത കേസിൽ വിചാരണ നടന്നത്.
അതേസമയം മകൾ കുടുംബത്തിനൊപ്പം താമസിച്ചിരുന്ന വീട്ടിൽവെച്ചാണ് പ്രതി അതിക്രമം നടത്തിയത്. 2022 ജൂൺ മാസത്തിലാണ് ആദ്യമായി അതിക്രമം നടന്നത്. 46-കാരനായ പിതാവ് കുട്ടി രാത്രി ഉറങ്ങിക്കിടന്നിരുന്ന സമയത്താണ് ബലാത്സംഗം ചെയ്തത്. ആരോടെങ്കിലും പറഞ്ഞാൽ കൊന്നുകളയുമെന്നും ഇയാൾ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. പിന്നീട് മൂന്ന് തവണകൂടി ഇയാൾ കുട്ടിയോട് ക്രൂരത ആവർത്തിച്ചു.
എന്നാൽ വിവരം മനസിലാക്കിയ കുട്ടിയുടെ അമ്മയാണ് അരീക്കോട് പോലീസിൽ പരാതി നൽകിയത്. കേസിൽ അന്വേഷണം നടത്തിയ പോലീസ് കുട്ടിയുടെ അച്ഛനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്‌സോ നിയമത്തിലെ ബലാത്സംഗം, അതിക്രമിച്ച് കടക്കൽ, ഭീഷണിപ്പെടുത്തൽ ഉൾപ്പെടെയുള്ള വകുപ്പുകളിലാണ് കോടതി ഇത്രയും വർഷം തടവ് വിധിച്ചിരിക്കുന്നത്.
സംരക്ഷിക്കേണ്ട പിതാവ് തന്നെ കുട്ടിയെ ഉപദ്രവിച്ചത് ഒരുതരത്തിലും അംഗീകരിക്കാനാവില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി പ്രതിക്ക് 178 വർഷം ശിക്ഷ വിധിച്ചത്. പ്രതിക്ക് ഏതെങ്കിലും തരത്തിലുള്ള ശിക്ഷാ ഇളവിന് അർഹനല്ലെന്നും കോടതി കൂട്ടിച്ചേർത്തു. അതേസമയം, പ്രതി ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും, അങ്ങനെയെങ്കിൽ 40 വർഷം ഇയാൾ ജയിലിൽ കഴിഞ്ഞാൽ മതിയാകും.


















































