ന്യൂഡൽഹി: പാക്കിസ്ഥാൻ ഭീകരതയെ ആഗോളതലത്തിൽ തുറന്നുകാട്ടുന്നതിനായി കേന്ദ്ര സർക്കാർ അയക്കുന്ന പ്രതിനിധി സംഘത്തിലേക്ക് കോൺഗ്രസ് നിർദേശിച്ചവരുടെ പട്ടികയിൽ തരൂരില്ല. കോൺഗ്രസ് പേരുകൾ അടങ്ങിയ പട്ടികയുടെ വിശദാംശങ്ങൾ പാർട്ടി പുറത്തുവിട്ടു. ആനന്ദ് ശർമ്മ, ഗൗരവ് ഗൊഗോയ്, നാസിർ ഹുസൈൻ, രാജ് ബ്രാർ എന്നിവരുടെ പട്ടികയാണ് രാഹുൽ ഗാന്ധി കേന്ദ്രത്തിനു നൽകിയത്.
പ്രതിനിധി സംഘത്തിലേക്ക് കോൺഗ്രസ് ശുപാർശ ചെയ്ത പട്ടികയിൽ മുൻ കാബിനറ്റ് മന്ത്രി ആനന്ദ് ശർമ്മ, ലോക്‌സഭയിലെ പാർട്ടി ഉപനേതാവ് ഗൗരവ് ഗൊഗോയ്, രാജ്യസഭാ എംപി ഡോ. സയ്യിദ് നസീർ ഹുസൈൻ, ലോക്‌സഭാ എംപി രാജാ ബ്രാർ എന്നിവരാണ് ഉണ്ടായിരുന്നത്. എന്നാൽ കേന്ദ്രം പരസ്യപ്പെടുത്തിയ അന്തിമ പട്ടികയിൽ ഈ നാല് പേരുകളും ഇല്ലായിരുന്നു. പകരം, തിരുവനന്തപുരത്ത് നിന്ന് നാല് തവണ എംപിയായ ശ്രീ തരൂർ സർവകക്ഷി സംഘത്തെ നയിക്കുമെന്ന് പാർലമെന്ററി കാര്യ മന്ത്രാലയം പ്രഖ്യാപിക്കുകയായിരുന്നു.
തരൂരിനെ കൂടാതെ കോൺഗ്രസിൽ നിന്ന് മനീഷ് തിവാരി, സൽമാൻ ഖുർഷിദ്, അമർ സിങ് തുടങ്ങിയ എംപിമാരെയും ബിജെപി നേതാക്കളായ രവിശങ്കർ പ്രസാദ്, ബൈജയന്ത് പാണ്ഡ, ജനതാദൾ എംപി സഞ്ജയ് കുമാർ ഝാ, ഡിഎംകെയുടെ കനിമൊഴി കരുണാനിധി, എൻസിപി (ശരദ് പവാർ വിഭാഗം) നേതാവ് സുപ്രിയ സുലെ, ശിവസേന (ഷിൻഡെ വിഭാഗം) എംപി ശ്രീകാന്ത് ഷിൻഡെ, ജോൺ ബ്രിട്ടാസ് എന്നിവരാണ് പേരുകൾ ഉൾപ്പെടുത്തിയ മറ്റ് അംഗങ്ങൾ.
അതേസമയം പാക്കിസ്ഥാനെതിരായ നയതനന്ത്ര നീക്കം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സർവകക്ഷി സംഘത്തെ ഇന്ത്യ വിദേശ രാജ്യങ്ങളിലേക്ക് അയക്കുന്നത്. 5 മുതൽ 6 എംപിമാർ അടങ്ങുന്ന സംഘത്തെയാണ് യുഎസ്, യുകെ, ദക്ഷിണാഫ്രിക്ക, ഖത്തർ, യുഎഇ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കാൻ അയക്കുക. മെയ് 22ന് ശേഷം ആയിരിക്കും പര്യടനം തുടങ്ങുക. പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു ആണ് സംഘത്തെ ഏകോപിപ്പിക്കുന്നത്.
പാക്കിസ്ഥാൻ സംഘർഷവുമായി ബന്ധപ്പെട്ട് പാർട്ടി നിലപാടിനു വിരുദ്ധമായ അഭിപ്രായ പ്രകടനങ്ങൾ നടത്തിയതിന് കഴിഞ്ഞ ദിവസം കോൺഗ്രസ് ദേശീയ നേതൃത്വം തരൂരിനെ താക്കീത് ചെയ്‌തെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ശശി തരൂരിനെ മോദി സർക്കാർ പ്രതിനിധി സംഘത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. അതേസമയം കോൺഗ്രസ് നേതൃത്വം തന്നെ താക്കീത് ചെയ്തുവെന്ന തരത്തിൽ വന്ന റിപ്പോർട്ടുകൾ ശശി തരൂർ കഴിഞ്ഞ ദിവസം നിഷേധിച്ചിരുന്നു.