ന്യൂഡൽഹി: ഇന്ത്യൻ സിനിമാ ചരിത്രത്തിൽ റെക്കോർഡ് തീർത്ത് എമ്പുരാൻ. ഓൺലൈൻ ടിക്കറ്റ് ബുക്കിങ് സൈറ്റ് ആയ ബുക്ക് മൈ ഷോയിൽ ആദ്യ ഒരു മണിക്കൂറില്‍ ഏറ്റവുമധികം ടിക്കറ്റുകൾ ബുക്ക് ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ ചിത്രമായി ‘എമ്പുരാൻ’മാറി . ഒരുലക്ഷത്തിനടുത്ത് ടിക്കറ്റുകളാണ് ആദ്യ മണിക്കൂറിൽ വിറ്റുപോയത്.ഇതോടെ വിജയ്‌യുടെ ലിയോ, അല്ലു അർജുന്റെ പുഷ്പ 2 എന്നിവയുടെ റെക്കോർഡ് എമ്പുരാൻ തകർത്തെറിഞ്ഞു.മാർച്ച് 21 രാവിലെ ഒൻപത് മണിക്കാണ് ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചത്. ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റഴിയുന്ന കാഴ്ചയാണ് കാണാനാകുന്നത്. പല തിയറ്ററുകളിലും റിലീസ് ദിവസത്തെ ടിക്കറ്റുകൾ തീർന്ന അവസ്ഥയാണ്. ഒരു സമയത്ത് ടിക്കറ്റ് ബുക്കിങ് സൈറ്റ് ആയ ബുക്ക് മൈ ഷോയും നിലച്ചുപോയ അവസ്ഥ ഉണ്ടായി.സകല കലക്‌ഷൻ റെക്കോർഡുകളും എമ്പുരാൻ തകർത്തെറിയുമെന്ന് ഇതോടെ ഏതാണ് ഉറപ്പായി കഴിഞ്ഞു. ഒട്ടുമിക്ക ജില്ലകളിലെയും എല്ലാ തിയറ്ററുകളിലും എമ്പുരാൻ ആണ് ചാർട്ട് ചെയ്തിരിക്കുന്നത്. ആറു മണിക്കുള്ള ഫാൻസ് ഷോയുടെ ടിക്കറ്റുകൾ രണ്ടാഴ്ചയ്ക്കു മുമ്പേ തീർന്നിരുന്നു. മാർച്ച് 27നാണ് ചിത്രം ആഗോള റിലീസായി തിയറ്ററുകളിലെത്തുന്നത്. ലോകം മുഴുവനുള്ള സിനിമാ പ്രേമികൾ ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ചിത്രമായി മാറുകയാണ് എമ്പുരാൻ.