ന്യൂഡൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പുണ്ടെന്നുള്ള തരത്തിലുള്ള പ്രതികരണവുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നു പറഞ്ഞ കമ്മിഷൻ വോട്ടുകൾ നീക്കം ചെയ്യാൻ വിഫലശ്രമങ്ങൾ നടന്നതായും സമ്മതിച്ചു. അലന്ദ് നിയമസഭാ മണ്ഡലത്തിൽ വോട്ടുകൾ നീക്കം ചെയ്യാൻ വിഫലശ്രമങ്ങൾ നടന്നു. എന്നാൽ ഓൺലൈനായി ഒരു വോട്ടും നീക്കം ചെയ്യാൻ കഴിയില്ലെന്നും വോട്ട് നീക്കം ചെയ്യുന്നതിന് മുമ്പ് ആ വ്യക്തിക്ക് പറയാനുള്ളത് കേൾക്കുമെന്നും കമ്മിഷൻ അറിയിച്ചു.
കമ്മിഷൻ പ്രസ്താവനയിൽ പറഞ്ഞതിങ്ങനെ- രാഹുൽ ഗാന്ധി തെറ്റിദ്ധരിച്ചതുപോലെ, പൊതുജനങ്ങളിൽ ആർക്കും ഓൺലൈനായി ഒരു വോട്ടും നീക്കം ചെയ്യാൻ കഴിയില്ല. ഇതുമായി ബന്ധപ്പെട്ട് ഒരു വ്യക്തിക്ക് പറയാനുള്ളത് കേൾക്കാൻ അവസരം നൽകാതെ ഒരു വോട്ടും നീക്കം ചെയ്യാൻ സാധിക്കില്ല. 2023-ൽ അലന്ദ് നിയമസഭാ മണ്ഡലത്തിൽ വോട്ടുകൾ നീക്കം ചെയ്യാൻ ചില വിഫലശ്രമങ്ങൾ നടന്നിരുന്നു, അന്നു ഈ വിഷയം അന്വേഷിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ അധികാരികൾ തന്നെ എഫ്‌ഐആർ ഫയൽ ചെയ്യുകയും ചെയ്തിരുന്നു.
അതേസമയം രാഹുൽ ഗാന്ധി ആരോപണമുന്നയിച്ച കർണാടകയിലെ അലന്ദ് നിയമസഭാ മണ്ഡലത്തിലാണ് വോട്ട് നീക്കം ചെയ്യാൻ ശ്രമം നടന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനും വ്യക്തമാക്കിയത്. ഇന്നു രാവിലെ നടത്തിയ വാർത്താ സമ്മേളനത്തിൽ വോട്ടർ പട്ടികയിൽ നിന്ന് ആറായിരത്തോളം പേരെ നീക്കിയതായി രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരേയും രാഹുൽ ഗാന്ധി ആഞ്ഞടിച്ചിരുന്നു. ജനാധിപത്യത്തെ തകർക്കുന്നവരെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ സംരക്ഷിക്കുന്നുവെന്നാണ് രാഹുൽ ആരോപിച്ചത്.
കർണാടകയിലെ ഒരു നിയമസഭാ മണ്ഡലമാണ് അലന്ദ്. അവിടെ ആരോ 6018 വോട്ടുകൾ നീക്കം ചെയ്യാൻ ശ്രമിച്ചു. 2023-ലെ തിരഞ്ഞെടുപ്പിൽ അലന്ദിൽ നിന്ന് ആകെ എത്ര വോട്ടുകൾ നീക്കം ചെയ്യപ്പെട്ടു എന്ന് നമുക്കറിയില്ല. ആ സംഖ്യ 6,018-ലും വളരെ കൂടുതലാണ്. എന്നാൽ 6018 വോട്ടുകൾ നീക്കം ചെയ്യുന്നതിനിടെ ഒരാൾ പിടിക്കപ്പെട്ടു, യാദൃച്ഛികമായാണ് അത് പിടിക്കപ്പെട്ടതും. സംഭവിച്ചതെന്തെന്നാൽ, അവിടുത്തെ ബൂത്ത് ലെവൽ ഓഫീസറുടെ അമ്മാവൻ്റെ വോട്ട് നീക്കം ചെയ്യപ്പെട്ടതായി അവരുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന്, ആരാണ് തൻ്റെ അമ്മാവൻ്റെ വോട്ട് നീക്കം ചെയ്തതെന്ന് അവർ പരിശോധിച്ചു, അപ്പോഴാണ് ഒരു അയൽവാസിയാണ് അത് ചെയ്തതെന്ന് അവർ കണ്ടെത്തിയത്. അവർ അയൽവാസിയോട് ചോദിച്ചപ്പോൾ, താൻ ഒരു വോട്ടും നീക്കം ചെയ്തിട്ടില്ലെന്ന് അവർ പറഞ്ഞു. വോട്ട് നീക്കം ചെയ്തെന്ന് പറയുന്ന ആൾക്കോ, വോട്ട് നഷ്ടപ്പെട്ട ആൾക്കോ ഇതിനെക്കുറിച്ച് യാതൊരു അറിവുമുണ്ടായിരുന്നില്ല. മറ്റേതോ ശക്തി ഈ നടപടിക്രമത്തെ ഹൈജാക്ക് ചെയ്യുകയും വോട്ട് നീക്കം ചെയ്യുകയുമായിരുന്നു. അതോടൊപ്പം വോട്ട് നഷ്‌ടപ്പെട്ടവരെ രാഹുൽ മാധ്യമത്തിനു മുന്നിൽ കൊണ്ടുവരികയും ചെയ്തു.
താൻ പറഞ്ഞ ഹൈഡ്രജൻ ബോംബ് ഇതല്ല, അതു പുറകേ വരുന്നതേയുള്ളു, ഇതുവരെ പറഞ്ഞ കാര്യങ്ങൾക്ക് 101 ശതമാനം തെളിവും തന്റെ കൈവശമുണ്ടെന്നും രാഹുൽ ഗാന്ധി പത്രസമ്മേളനത്തിൽ വ്യക്തമാക്കി.