തിരുവനന്തപുരം: കൊല്ലം തേവലക്കരയിൽ സ്‌കൂളിൽ വിദ്യാർഥി ഷോക്കേറ്റു മരിച്ച സംഭവത്തിൽ പ്രധാന അധ്യാപകനെയും മറ്റ് ഉദ്യോഗസ്ഥരെയും രൂക്ഷമായി വിമർശിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ‘‘എച്ച്എമ്മും അവിടുത്തെ മറ്റ് അധികാരികളും എന്നും കാണുന്നതല്ലേ ഈ വൈദ്യുതി ലൈൻ? എച്ച്എമ്മിനും പ്രിൻസിപ്പലിനും ഒക്കെ എന്താണു ജോലി? ഈ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടേ. കേരളത്തിലെ 14,000 സ്‌കൂളുകളും വിദ്യാഭ്യാസ ഡയറക്ടർക്കു നോക്കാൻ പറ്റില്ലല്ലോ. ഒരു സ്‌കൂളിന്റെ അധിപനായി ഇരിക്കുമ്പോൾ സർക്കാരിൽനിന്നുള്ള നിർദേശമെങ്കിലും വായിച്ചെങ്കിലും നോക്കേണ്ടേ? ഒരു മകനെയാണു നഷ്ടപ്പെട്ടത്. സംഭവത്തിൽ സ്കൂളിന്റെ ഭാഗത്തുനിന്ന് അനാസ്ഥയുണ്ടെങ്കിൽ ഒരു വിട്ടുവീഴ്ചയുമില്ലാതെ നടപടി എടുക്കും.
മാത്രമല്ല സ്‌കൂൾ തുറക്കുന്നതിനു മുൻപ് പല തവണ യോഗം ചേർന്ന് എല്ലാവരോടും സംസാരിച്ചതാണ്. ചെയ്യേണ്ട കാര്യങ്ങൾ ഉദ്യോഗസ്ഥരോടു പലതവണ പറഞ്ഞുകൊടുത്തു. വൈദ്യുതിലൈൻ സ്‌കൂൾ വളപ്പിൽക്കൂടി പോകാൻ പാടില്ലെന്നതും അങ്ങനെയുണ്ടെങ്കിൽ നീക്കം ചെയ്യണമെന്നതും തങ്ങൾ മുന്നോട്ടുവച്ച ഏറ്റവും പ്രധാനപ്പെട്ട നിർദേശമായിരുന്നു. കെഎസ്ഇബിയുടെയും തദ്ദേശസ്ഥാപനങ്ങളുടെയും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റോടെയാണു സ്‌കൂളുകൾ പ്രവർത്തിക്കേണ്ടത്. പതിനാലായിരത്തോളം സ്‌കൂളുകൾ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് വാങ്ങിയിട്ടുണ്ട്.
ഷെഡിനോട് ചേർന്നാണു വൈദ്യുതിലൈൻ കിടക്കുന്നതെങ്കിൽ കെഎസ്ഇബി ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് കൊടുക്കാൻ പാടില്ലാത്തതാണ്. ഇവിടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കിട്ടിയിട്ടുണ്ടോ എന്നു പരിശോധിക്കും. ലൈൻ കെഎസ്ഇബിയെ കൊണ്ടു മാറ്റിക്കേണ്ട ഉത്തരവാദിത്തം പ്രധാന അധ്യാപകനും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്കുമാണ്. കെഎസ്ഇബിക്കും ഉത്തരവാദിത്തമുണ്ട്. പരിശോധിച്ച് വേണ്ട നടപടി എടുക്കും’’ – മന്ത്രി പറഞ്ഞു. അതേസമയം ഫിറ്റ്നസ് സർട്ടിഫിക്കറ്റിനു അപേക്ഷിച്ചിട്ടില്ലെന്ന ആരോപണം കെഎസ്ഇബിയുടെ ഭാഗത്തുനിന്നുമുണ്ട്.
വിദ്യാഭ്യാസ ഡയറക്ടറോട് സംഭവസ്ഥലത്തു പോയി കാര്യങ്ങൾ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആ കുടുംബത്തിന് സർക്കാർ എല്ലാ പിന്തുണയും നൽകുമെന്നും മന്ത്രി പറഞ്ഞു. കൊല്ലത്തെത്തി കുട്ടിയുടെ കുടുംബത്തെ കാണുമെന്നും മന്ത്രി അറിയിച്ചു.