കൊച്ചി: അഭിഭാഷകയിനത്തിൽ 46 ലക്ഷം രൂപ പാതിവില തട്ടിപ്പ് കേസിൽ പ്രതിയായ അനന്തു കൃഷ്ണന്റെ കയ്യിൽ നിന്നും വാങ്ങിച്ചെടുത്ത കോൺഗ്രസ് നേതാവ് ലാലി വിൻസെന്റിന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് 12 ഇടങ്ങളിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തുന്നത്. കേസിലെ ഒന്നാംപ്രതി അനന്തുകൃഷ്ണൻ, സത്യസായി ട്രസ്റ്റ് എക്സിക്യുട്ടീവ് ഡയറക്ടർ കെഎൻ ആനന്ദകുമാർ എന്നിവരുടെ സ്ഥാപനങ്ങളിലും കോൺഗ്രസ് നേതാവ് ലാലി വിൻസെന്റിന്റെ കൊച്ചിയിലെ വീട്ടിലുമാണ് പരിശോധന പുരോഗമിക്കുന്നത്.
ചൊവ്വാഴ്ച പുലർച്ചെ മുതലാണ് കൊച്ചിയിൽനിന്നുള്ള അറുപതോളം ഉദ്യോഗസ്ഥർ വിവിധ സംഘങ്ങളായി തിരിഞ്ഞ് റെയ്ഡ് ആരംഭിച്ചത്. കള്ളപ്പണ, ചൂതാട്ടവിരുദ്ധ നിയമത്തിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത ഇഡി കഴിഞ്ഞ ദിവസം പരാതിക്കാരിൽനിന്ന് വിശദമായ മൊഴിയെടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് റെയ്ഡ്
ഇവരുടെയടുത്തുനിന്ന് 159 കോടി രൂപയുടെ ഇടപാട് നടന്നുവെന്നാണ് ഇഡിയുടെ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. പാതിവിലയിൽ സ്ക്കൂട്ടർ ഉൾപ്പടെ നൽകാമന്ന് പറഞ്ഞ് സാധാരണക്കാരിൽനിന്ന് പിരിച്ചെടുത്ത ഈ പണം, കള്ളപ്പണമായി പലർക്കും കൈമാറിയിട്ടുണ്ടെന്ന് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണവുമായി ഇഡി മുന്നോട്ടുപോകുന്നത്. സ്‌കൂട്ടർ തട്ടിപ്പുകേസിലെ മുഖ്യപ്രതി അനന്തുകൃഷ്ണൻ കോൺഗ്രസ് നേതാവ് ലാലി വിൻസെന്റിന് 46 ലക്ഷം രൂപ കൈമാറിയെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു.
ക്ലസ്റ്റര്‍ തലവേദന പ്രസവവേദനയേക്കാള്‍ മാരകമോ? ‘അപൂര്‍വരോഗ’ത്തെ കുറിച്ച് അറിയാം
സംസ്ഥാന വ്യാപകമായി നടന്ന വൻതട്ടിപ്പിൽ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇത്രയുംവലിയ തുകയാണ് കോൺഗ്രസ് നേതാവിന് നൽകിയതെന്ന് വ്യക്തമായത്. എന്നാൽ, തട്ടിപ്പിൽ തനിക്ക് പങ്കില്ലെന്നും അനന്തുകൃഷ്ണൻ തനിക്ക് നൽകിയത് അഭിഭാഷക ഫീസാണെന്നും ലാലി വിൻസെന്റ് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ, ഇത്രയും വലിയ തുക വക്കീൽ ഫീസായി വാങ്ങാൻ മാത്രം പ്രമുഖ അഭിഭാഷകയാണോ ലാലി വിൻസെന്റ് എന്നത് അന്വേഷണസംഘത്തിന്റെ മുന്നിലുള്ള ചോദ്യമാണ്.
അതേസമയം ലാലി വിൻസെന്റിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നതിനിടെ ഹൈക്കോടതിയും ഇത്രയും വലിയ തുക ഫീസായി വാങ്ങിയതിൽ സംശയം ഉന്നയിച്ചിരുന്നു. സ്‌കൂട്ടർ തട്ടിപ്പിൽ കണ്ണൂർ ടൗൺ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഏഴാം പ്രതിയാണ് കോൺഗ്രസ് നേതാവും അഭിഭാഷകയുമായ ലാലി വിൻസെന്റ്. മാത്രമല്ല രാഷ്ട്രീയഭേദമില്ലാതെ വിവിധ നേതാക്കൾക്ക് അനന്തുകൃഷ്ണൻ പണം നൽകിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.
അനന്തു ഇടുക്കിയിലെ വിവിധ രാഷ്ട്രീയനേതാക്കൾക്കായി ഒന്നരക്കോടിയോളം രൂപ നൽകിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇടുക്കിയിലെ ഒരു യുവനേതാവിന് മാത്രം 40 ലക്ഷം രൂപ കൈമാറിയെന്നാണ് അനന്തുവിന്റെ മൊഴി. എൽഡിഎഫിന്റെ ജില്ലാനേതാവിന് 25 ലക്ഷം രൂപയും നൽകി. എന്നാൽ നേതാക്കൾക്ക് നേരിട്ടല്ല അനന്തുകൃഷ്ണൻ പണം കൈമാറിയിരുന്നത്. നേതാക്കളുടെ അടുപ്പക്കാർ വഴിയും ബിനാമികൾ വഴിയുമായിരുന്നു ഇടപാട്. തിരഞ്ഞെടുപ്പ് സമയത്താണ് ഇത്രയും തുക കൈമാറിയതെന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്. അതേസമയം നാലിടത്താണ് അനന്തു ഭൂമി വാങ്ങിക്കൂട്ടിയതെന്നും പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.