വാഷിങ്ടൻ: മാസത്തിൽ ഒരു യുദ്ധം അവസാനിപ്പിക്കുക എന്നതാണ് തങ്ങളുടെ കണക്കെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എട്ടെണ്ണം എട്ടുമാസത്തിനുള്ളിൽ അവസാനിപ്പിച്ചു കഴിഞ്ഞു. ഇനി ഒരെണ്ണം കൂടി ബാക്കിയുണ്ടെന്നും ട്രംപ്. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫും സൈനിക മേധാവി അസിം മുനീറും മഹത്തായ മനുഷ്യരാണ്. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘർഷം യുഎസ് ഉടൻ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തായ്‌ലൻഡും കംബോഡിയയും തമ്മിലുള്ള വെടിനിർത്തലിനു മധ്യസ്ഥത വഹിച്ച ശേഷമായിരുന്നു ട്രംപ് ഇക്കാര്യം പറഞ്ഞത്.
‘‘എട്ടു മാസത്തിനുള്ളിൽ എന്റെ ഭരണകൂടം അവസാനിപ്പിച്ച എട്ടു യുദ്ധങ്ങളിൽ ഒന്നാണിത്. ഞങ്ങൾ ശരാശരി ഒരു മാസം ഒന്ന് എന്ന തോതിൽ മാത്രമാണ് യുദ്ധം അവസാനിപ്പിക്കുന്നത്. ഒന്നു മാത്രമേ ശേഷിക്കുന്നുള്ളൂ. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും യുദ്ധം ആരംഭിച്ചതായി ഞാൻ കേട്ടു. പക്ഷേ ഞാൻ അതു വളരെ വേഗത്തിൽ പരിഹരിക്കും. എനിക്ക് അവരെ രണ്ടു പേരെയും അറിയാം.
അതുപോലെ പാക്കിസ്ഥാൻ പ്രധാനമന്ത്രിയും സൈനിക മേധാവിയും മഹത്തായ മനുഷ്യരാണ്. യുദ്ധം വേഗത്തിൽ പരിഹരിക്കാൻ കഴിയുമെന്നതിൽ എനിക്കു സംശയമില്ല. കുറച്ചു ദിവസങ്ങൾക്കു മുൻപാണ് ശ്രമം ആരംഭിച്ചത്. ഞാൻ അത് ഭംഗിയായി ചെയ്യും. എനിക്ക് സമയമെടുത്ത് ദശലക്ഷക്കണക്കിന് ജീവൻ രക്ഷിക്കാൻ കഴിയുമെങ്കിൽ, അത് ശരിക്കും മികച്ച കാര്യമാണ്. എനിക്ക് ഇതിലും മികച്ചതായി ഒന്നും ചെയ്യാൻ കഴിയില്ല. എന്റെ ഭരണകൂടം വെറും എട്ടു മാസത്തിനുള്ളിൽ അവസാനിപ്പിച്ചത് എട്ടു യുദ്ധങ്ങളാണ്. അങ്ങനെയൊന്ന് ഒരിക്കലും ഉണ്ടായിട്ടില്ല, ഒരിക്കലും ഉണ്ടാകില്ല.’’ – ഡോണൾഡ് ട്രംപ് പറഞ്ഞു.

















































