കോഴിക്കോട്∙ സ്വകാര്യ ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി സമൂഹമാധ്യമത്തിൽ വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ ബസിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. വീഡിയോയിൽ ബസിലെ തിരക്കിന്റെ ദൃശ്യങ്ങളാണു ദൃശ്യങ്ങളിലുള്ളത്.
അതേസമയം ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തതിനെ തുടർന്ന് ഷിംജിത മുസ്തഫ ഒളിവിൽ പോയതായാണു സൂചന. ഷിംജിത വിദേശത്തേക്ക് കടക്കാൻ സാധ്യതയില്ലെന്നാണ് പോലീസ് പറയുന്നത്. എന്നാൽ സംസ്ഥാനം വിട്ട് മംഗളൂരുവിലേക്ക് എത്തിയെന്ന സൂചനയും ലഭിക്കുന്നുണ്ട്. ഇതിനിടെ ഒളിവിലിരുന്ന് യുവതി മുൻകൂർ ജാമ്യത്തിന് വേണ്ടി ശ്രമിക്കുകയാണ്. ഷിംജിതയ്ക്കായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. ദീപക്കിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച മൊബൈൽ ഫോണും പോലീസിന് കണ്ടെടുക്കേണ്ടതുണ്ട്.
അതേസമയം യുവതി സമൂഹമാധ്യമത്തിൽ പങ്കുവച്ച വീഡിയോ എഡിറ്റ് ചെയ്തു നീളം കുറച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതോടെ വീഡിയോയുടെ പൂർണരൂപം വീണ്ടെടുക്കാൻ സൈബർ സെല്ലിന്റെ സഹായം തേടും. ഇതിനായി യുവതിയുടെ ഫോൺ കണ്ടെത്താനാണു പോലീസിന്റെ ശ്രമം.
കഴിഞ്ഞ ദിവസം പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ വഴി സർവീസ് നടത്തുന്ന അൽ അമീൻ എന്ന സ്വകാര്യ ബസിലാണു യുവതി വീഡിയോ ചിത്രീകരിച്ചത്. ഇതു സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചതോടെ ദീപക് ആത്മഹത്യ ചെയ്യുകയായിരുന്നു.
ഇതോടെ ആത്മഹത്യാ പ്രേരണയ്ക്ക് പോലീസ് കേസെടുത്തു. ദീപക്കിന്റെ അമ്മ നൽകിയ പരാതിയിലാണ് കേസെടുത്തത്. മെഡിക്കൽ കോളേജ് പോലീസ് ദീപക്കിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെയും സഹോദരന്റെയും അടക്കം മൊഴി രേഖപ്പെടുത്തിയിരുന്നു. ആരോപണം വ്യാജമാണെന്നും തനിക്ക് മനോവിഷമം ഉണ്ടായി എന്നും മകൻ സൂചിപ്പിച്ചിരുന്നുവെന്നും ദീപക്കിന്റെ മാതാപിതാക്കൾ പോലീസിന് മൊഴി നൽകിയിരുന്നു. ദീപക്കിന്റെ സുഹൃത്തിന്റെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിരുന്നു.
കൂടാതെ അതിക്രമം നടന്നുവെന്ന് ആരോപിക്കപ്പെട്ട ബസിലെ ജീവനക്കാരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവ ദിവസം ആരും പരാതി പറഞ്ഞിട്ടില്ലെന്നായിരുന്നു ബസിലെ ജീവനക്കാർ പറയുന്നത്. അങ്ങനെയൊരു പരാതി പറഞ്ഞിരുന്നുവെങ്കിൽ പോലീസിൽ അറിയിക്കുമായിരുന്നുവെന്നും ബസ് ജീവനക്കാർ വ്യക്തമാക്കി. ഇന്നലെ ഉച്ചയോടെ പയ്യന്നൂരിലെത്തി മെഡിക്കൽ കോളജ് പോലീസ് സിസിടിവി ഹാർഡ് ഡിസ്ക് പരിശോധിച്ച് ദൃശ്യങ്ങൾ ശേഖരിച്ചു. ഇരുവരും ബസിൽ കയറിയതു മുതലുള്ള ദൃശ്യങ്ങളാണു പരിശോധിച്ചത്.














































