ഛണ്ഡിഗഡ്: രാഹുൽ ഗാന്ധി വോട്ടുകൊള്ള ആരോപിച്ച ഹരിയാനയിലെ വോട്ടർപട്ടിക മോഷണത്തിൽ ഫോട്ടോ മാത്രമേ മാറിയുള്ളു തങ്ങൾ യഥാർഥ വോട്ടർമാരെന്നു പറഞ്ഞ് 5 പേർ രംഗത്തെത്തിയതിനു പിന്നാലെ ബ്രസീലിയൻ മോഡലിന്റെ ചിത്രമുള്ള 22 വോട്ടർമാരിൽ ഒരാൾ മരിച്ചയാളെന്ന് ബന്ധുക്കൾ. നിയമസഭാ തിരഞ്ഞെടുപ്പിനു രണ്ടുവർഷം മുൻപ് 2022 മാർച്ചിലാണ് ഗുനിയ എന്ന വോട്ടർ മരിച്ചത്. വോട്ടർ പട്ടികയിൽ പേര് ഉണ്ടെന്നതും ചിത്രം വിദേശ വനിതയുടേതാണെതും പുതിയ വിവരമാണെന്നുമാണ് കുടുംബത്തിന്റെ പ്രതികരണം.
എന്നാൽ ഇതെങ്ങനെ സംഭവിച്ചുവെന്ന് തങ്ങൾക്ക് അറിയില്ലെന്ന് ഗുനിയയുടെ മരണ സർട്ടിഫിക്കറ്റ് പങ്കുവച്ച് അവരുടെ അമ്മായിയമ്മ പറഞ്ഞു. അതേസമയം മരണത്തിനു മുൻപ് ഗുനിയ വോട്ട് രേഖപ്പെടുത്തിയിരുന്നുവെന്നും കുടുംബം പറഞ്ഞു. തങ്ങൾ യഥാർഥ വോട്ടർമാരാണെന്നും ചിത്രം മാത്രമാണ് മാറിപ്പോയതെന്നും പ്രതികരിച്ച് നേരത്തെ അഞ്ചുപേർ രംഗത്തെത്തിയിരുന്നു. ഇതിനിടെ വോട്ടു കൊള്ള ആരോപണത്തിൽ ഈ മാസം അവസാനം ഡൽഹി രാംലീല മൈതാനത്ത് മഹാറാലി നടത്താനാണ് കോൺഗ്രസ് നീക്കം.
അതുപോലെ ആരോപണം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാനുള്ള രണ്ടാം ഘട്ട പ്രചാരണ പരിപാടികളും ഉടൻ പ്രഖ്യാപിക്കും. സമഗ്ര വോട്ടർപട്ടിക പരിഷ്കരണ ഹർജികൾ തീർപ്പാകാതെ സുപ്രീംകോടതി പരിഗണനയിലിരിക്കുന്നതിനാൽ വോട്ട് കൊള്ളയിൽ ഉടൻ കോടതിയെ സമീപിക്കേണ്ടെന്നാണ് പാർട്ടി നിലപാടെന്നാണ് അറിയുന്നത്.

















































