കൊല്ലം: കണ്ണൂരിൽനിന്നുള്ള പ്രതിനിധികളുടെ അപ്രമാദിത്വം ഊട്ടിയുറപ്പിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. മൂന്ന് പുതുമുഖങ്ങൾ ഉൾപ്പെടെ 17 അംഗ സെക്രട്ടറിയേറ്റിൽ അഞ്ച് പ്രതിനിധികൾ കണ്ണൂരിൽ നിന്ന്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ, എറണാകുളം ജില്ലാ സെക്രട്ടറി സിഎൻ മോഹൻ, സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കെകെ ശൈലജ എന്നിവരാണ് സംസ്ഥാന സെക്രട്ടറിയേറ്റിലെ പുതുമുഖങ്ങൾ.
മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഇപി ജയരാജൻ, കെകെ ശൈലജ, കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ എന്നിവയാണ് സെക്രയേറ്റ് അംഗങ്ങളായ കണ്ണൂരിൽ നിന്നുള്ള നേതാക്കൾ. മുൻ അംഗങ്ങളായ ആനാവൂർ നാഗപ്പൻ, എകെ ബാലൻ, പികെ ശ്രീമതി എന്നിവരുടെ ഒഴിവിലേക്കാണ് പുതിയ മൂന്ന് അംഗങ്ങൾ എത്തിയിരിക്കുന്നത്.
ജില്ലാ സെക്രട്ടറിമാരായിരുന്ന എംവി ജയരാജൻ, സിഎൻ മോഹനൻ എന്നിവർ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായതോടെ കണ്ണൂർ, എറണാകുളം എന്നീ ജില്ലകളിൽ പുതിയ സെക്രട്ടറിമാർ വരും. സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്നു എവി റസ്സൽ മരിച്ചതിനെ തുടർന്ന് ഈ ജില്ലയിലും സെക്രട്ടറി സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്.
മുതിർന്ന നേതാവായിരുന്ന ആനാവൂർ നാഗപ്പൻ സംസ്ഥാന സെക്രട്ടറിയേറ്റിൽനിന്ന് ഒഴിവാക്കപ്പെട്ടതോടെ തിരുവനന്തപുരം ജില്ലയെ പ്രതിനിധീകരിക്കുന്ന നേതാക്കൾ സെക്രട്ടറിയേറ്റിൽ ഉണ്ടാവില്ലെന്നതും ശ്രദ്ധേയമാണ്. തൃശ്ശൂർ, വയനാട്, കാസർകോട് ജില്ലയിലെ നേതാക്കൾക്കും സെക്രട്ടറിയേറ്റിൽ പ്രാതിനിധ്യം ലഭിച്ചിട്ടില്ല.
കോഴിക്കോട് ജില്ലയിൽനിന്ന് മന്ത്രി മുഹമ്മദ് റിയാസ്, എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ, ദേശാഭിമാനി എഡിറ്റർ ദിനേശൻ പുത്തലത്ത് എന്നീ നേതാക്കളാണ് സെക്രട്ടറിയേറ്റിലുള്ളത്. കൊല്ലം ജില്ലയെ പ്രതിനിധീകരിച്ച് മന്ത്രി കെഎൻ ബാലഗോപാൽ, പത്തനംതിട്ട ജില്ലയിൽനിന്ന് തോമസ് ഐസക്, ആലപ്പുഴയിൽനിന്ന് സജി ചെറിയാൻ, കോട്ടയത്തുനിന്ന് മന്ത്രി വി.എൻ.വാസവൻ, ഇടുക്കിയിൽനിന്ന് കെകെ ജയചന്ദ്രൻ, എറണാകുളത്തുനിന്ന് മന്ത്രി പി രാജീവ്, സിഎൻ മോഹൻ, പാലക്കാടുനിന്ന് പികെ ബിജു, മലപ്പുറത്തുനിന്ന് എം സ്വരാജ് എന്നിവരാണ് സംസ്ഥാന സെക്രട്ടറിയേറ്റിലെത്തിയത്.