തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് എതിരായ പീഡനക്കേസിലെ ആദ്യ പരാതിക്കാരിയെ അധിക്ഷേപിച്ചെന്ന കേസിൽ 16 ദിവസങ്ങൾക്കു ശേഷം രാഹുൽ ഈശ്വറിന് ജാമ്യം. രണ്ടു തവണ ജാമ്യാപേക്ഷ തള്ളിയതിനു ശേഷമാണ് പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് ജാമ്യം അനുവദിച്ചത്. താൻ അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ലെന്നും 16 ദിവസമായി ജയിലിൽ കിടക്കുകയാണെന്നും രാഹുൽ ഈശ്വർ കോടതിയിൽ വ്യക്തമാക്കി. എന്നാൽ അന്വേഷണവുമായി സഹകരിക്കാത്തതു കാരണമാണ് രണ്ടുതവണ പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയതെന്നു പ്രോസിക്യൂഷനും കോടതിയെ അറിയിച്ചു.
അതേസമയം സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന യുവതിയുടെ പരാതിയിലാണ് രാഹുൽ ഈശ്വറിനെ സൈബർ പോലീസ് അറസ്റ്റ് ചെയ്തത്. ആളെ തിരിച്ചറിയാൻ സാധിക്കും വിധമുള്ള വിവരങ്ങൾ പങ്കുവച്ചതായി ആരോപിച്ച് രാഹുൽ ഈശ്വർ, കോൺഗ്രസ് നേതാവ് സന്ദീപ് വാരിയർ എന്നിവരടക്കം 6 പേർക്കെതിരെയാണ് കേസെടുത്തത്. യുവതിയുടെ വ്യക്തിത്വം വെളിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ, ഇലക്ട്രോണിക് ഉപകരണങ്ങളുടെ ദുരുപയോഗം എന്നീ വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്. 2 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിവ.
മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കനാണ് ഒന്നാം പ്രതി. അഭിഭാഷക ദീപ ജോസഫ്, ദീപ ജോസഫ് എന്നു പേരുള്ള മറ്റൊരു അക്കൗണ്ട് ഉടമ എന്നിവരാണു രണ്ടും മൂന്നും പ്രതികൾ. സന്ദീപ് വാര്യരുടെ ജാമ്യപേക്ഷയിൽ വാദം കേൾക്കുന്നത് നാളത്തേക്കു മാറ്റി.



















































