കോട്ടയം: കോട്ടയം ഗാന്ധിനഗറിൽ യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷവും 61 പവനും തട്ടിയ സംഭവത്തിൽ ദമ്പതികൾക്കെതിരെ കേസ്. ലൈംഗികബന്ധവും മദ്യവും കൈക്കൂലിയായി ആവശ്യപ്പെട്ടതായി ആരോപിച്ച് കോട്ടയം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ പിആർഒയെ വിജിലൻസ് കേസിൽ കുടുക്കിയ യുവതിയും ഭർത്താവുമാണ് ഇപ്പോൾ ഹണി ട്രാപ്പ് കേസിൽ കുടുങ്ങിയത്.
ആലപ്പുഴ സ്വദേശിയും എൻജിനീയറുമായ യുവാവിനെ ഹണി ട്രാപ്പിൽ കുടുക്കി 60 ലക്ഷവും 61 പവൻ സ്വർണവും തട്ടിയെടുത്തു എന്ന പരാതിയിൽ അതിരമ്പുഴ അമ്മഞ്ചേരി സ്വദേശി ധന്യ, ഭർത്താവ് അർജുൻ, സുഹൃത്ത് തിരുവഞ്ചൂർ സ്വദേശി അലൻ തോമസ് എന്നിവർക്കെതിരേ കോട്ടയം ഗാന്ധിനഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അമെരിക്ക ആസ്ഥാനമായ കമ്പനിയിൽ സോഫ്റ്റ്‌വെയർ എൻജിനീയറാണ് പരാതിക്കാരൻ. 2021 കാലത്ത് പരാതിക്കാരനും കുടുംബവും അമ്മഞ്ചേരിയിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. ഇയാളുടെ ഭാര്യ എംജി യൂണിവേഴ്‌സിറ്റിയിൽ പഠിച്ചിരുന്ന സമയം.
ഈ സമയത്ത് അയൽവാസിയായിരുന്ന ധന്യ പരാതിക്കാരനോട് അടുപ്പം സ്ഥാപിക്കുകയും അടുത്ത് ഇടപഴകിയ ശേഷം പരാതിക്കാരന്‍റെ സ്വകാര്യ ചിത്രങ്ങൾ പകർത്തുകയും ചെയ്തു. പിന്നീട് 2022 മുതൽ ഈ ചിത്രങ്ങൾ പരാതിക്കാരന്‍റെ ബന്ധുക്കൾക്കും മറ്റും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി 60 ലക്ഷം രൂപ ധന്യയും ഭർത്താവ് അർജുനും ചേർന്ന് വാങ്ങിയെടുത്തു. ഇതിനിടെ പ്രതികളുടെ സുഹ്യത്തായ മണർകാട് സ്വദേശി അലൻ തോമസ് എന്നയാൾ പരാതിക്കാരനെ ഭീഷണിപ്പെടുത്തി തന്‍റെ അക്കൗണ്ടിലേക്കും പണം വാങ്ങിയെടുത്തു.
പരാതിക്കാരന്‍റെ കൈവശമുള്ള പണം തട്ടിയെടുത്തശേഷം പ്രതികൾ വീണ്ടും ഭീഷണിപ്പെടുത്തി ബാങ്ക് ലോക്കർ തുറപ്പിച്ച് അതിലുണ്ടായിരുന്ന കുടുംബാംഗങ്ങളുടെ 61 പവൻ സ്വർണാഭരണളും വാങ്ങിയെടുത്തുവെന്നും പരാതിയിൽ പറയുന്നു. ഭീഷണി തുടർന്നപ്പോൾ പരാതിക്കാരൻ ഉന്നത പൊലീസ് അധികൃതരെ സമീപിക്കുകയായിരുന്നു.
പ്രതികളായ ധന്യ, അർജുൻ, അലൻ എന്നിവർ ഒളിവിലാണ്. ഇതേ പ്രതികൾ സമാനമായ തട്ടിപ്പു നടത്തി നിരവധി ആളുകളിൽനിന്നും പണം തട്ടിയതായി വിവരമുണ്ട്. കഴിഞ്ഞമാസം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ പിആർഒയ്ക്കെതിരെ ഇതേ യുവതിയുടെ പരാതിയിൽ വിജിലൻസ് സംഘം കേസെടുത്തിരുന്നു. കൈക്കൂലി ലൈംഗികബന്ധവും മദ്യവും ആവശ്യപ്പെട്ടതായി ആരോപിച്ചാണ് യുവതി വിജിലൻസിനെ സമീപിച്ചത്. ഇതേ തുടർന്ന് വിജിലൻസ് സംഘം യുവതിയെ കാണാനെത്തിയ പിആർഒയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പിന്നാലെയാണ് ഇപ്പോൾ യുവതിക്കെതിരെ കോടികളുടെ ഹണി ട്രാപ്പ് കേസ് പുറത്തുവന്നത്. ഗാന്ധിനഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.