ഹൈദരാബാദ്: വിവാഹത്തിന് ശേഷം സ്ത്രീകൾ താലി ധരിക്കണമെന്ന് നിർബന്ധമില്ല, അതു അവരുടെ വ്യക്തിപരമായെ തെരഞ്ഞെടുപ്പെന്ന പരാമർശത്തിന്റെ പേരിൽ ഗായിക ചിന്മയി ശ്രീപദയ്ക്കും ഭർത്താവും നടനും സംവിധായകനുമായ രാഹുൽ രവീന്ദ്രനുമെതിരേ സൈബർ ആക്രമണം. താലി ധരിക്കുന്നത് സ്ത്രീകളുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണെന്ന രാഹുലിന്റെ പരാമർശത്തിനെതിരേയാണ് ആക്രമണം. ആക്രമണം പരിധിവിട്ടതോടെ ഹൈദരാബാദ് പോലീസ് കേസെടുക്കുമെന്ന സൂചന നൽകി. ഇക്കാര്യത്തിൽ തങ്ങൾക്കെതിരായ ആക്രമണം ചിന്മയി പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.
‘വിവാഹത്തിന് ശേഷം താലി ധരിക്കണോ എന്ന് സ്വയം തീരുമാനിക്കാമെന്ന് ഞാൻ ചിന്മയിയോട് പറഞ്ഞു. അത് ധരിക്കാൻ ഞാൻ ഒരിക്കലും ചിന്മയിയോട് ആവശ്യപ്പെടില്ല. പുരുഷന്മാർ വിവാഹിതരാണ് എന്നത് കാണിക്കാൻ പ്രത്യക്ഷത്തിൽ ഒന്നുമില്ല. എന്നിട്ടും സ്ത്രീകൾ മാത്രം അതിന്റെ അടയാളം ധരിക്കണമെന്ന് പറയുന്നത് തെറ്റാണ്’, എന്നായിരുന്നു രാഹുൽ രവീന്ദ്രൻ ഒരു അഭിമുഖത്തിൽ പറഞ്ഞത്.
അതേസമയം, താലി ധരിക്കുന്നത് തിരഞ്ഞെടുപ്പാണോ, അതോ സാംസ്‌കാരിക പാരമ്പര്യമാണോ എന്ന ചോദ്യം സാമൂഹികമാധ്യമങ്ങളിൽ ഉയർന്നു. ഇതാണ് പരിധിവിട്ട് രാഹുലിനും ചിന്മയ്ക്കുമെതിരായ സൈബർ ആക്രമണത്തിലേക്കു വഴിമാറിയത്. ചിന്മയിയെ പോലുള്ളവർക്ക് കുട്ടികൾ ഉണ്ടാവാൻ പാടില്ലെന്നും, ഉണ്ടായാൽ തന്നെ ഉടനേ മരിക്കണമെന്നുംവരെ ആളുകൾ പ്രതികരിച്ചു. ഇരുവർക്കുമെതിരേ അസഭ്യ പരാമർശങ്ങളും സമൂഹമാധ്യമങ്ങളിൽ ഉയർന്നു.
പിന്നാലെ, ഹൈദരാബാദ് കമ്മിഷണർ വി.സി. സജ്ജനാരിനെ ടാഗ് ചെയ്ത് തനിക്കെതിരായ ആക്രമണങ്ങൾ ചിന്മയി പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി. കേസ് നൽകാൻ തയ്യാറാണെന്നും 15 വർഷമെടുത്താലും നിയമം അതിന്റെ വഴിക്ക് പോവട്ടെ എന്നുമായിരുന്നു കമ്മീഷണറെ ടാഗ് ചെയ്തുകൊണ്ട് ചിന്മയിയുടെ എക്‌സ് പോസ്റ്റ്. അദ്ദേഹം ഇത് ഹൈദരാബാദ് സിറ്റി പോലീസിന്റേയും സൈബർ ക്രൈം ഡിപ്പാർട്‌മെന്റിന്റേയും ശ്രദ്ധയിൽപ്പെടുത്തിയതോടെ ഗായിക നന്ദിയും പറഞ്ഞു.


















































