ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ ശിക്ഷ റദ്ദാക്കിയെന്ന പ്രചാരണങ്ങൾ തള്ളി വിദേശകാര്യ മന്ത്രാലയം. കേസിനെക്കുറിച്ച് ചില വ്യക്തികൾ പങ്കുവെക്കുന്ന വിവരങ്ങൾ തെറ്റിദ്ധാരണജനകമാണെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കിയെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെ വധശിക്ഷ റദ്ദാക്കിയിട്ടില്ലെന്നും ആരുമായാണ് ചർച്ച നടത്തിയതെന്ന് കാന്തപുരം വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു കൊല്ലപ്പെട്ട യെമൻ പൗരൻ തലാലിൻറെ സഹോദരനും രംഗത്തെത്തിയിരുന്നു.
അതേസമയം നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണയായെന്നും ഇക്കാര്യത്തിൽ യെമനിൽ നിന്ന് സ്ഥിരീകരണം ലഭിച്ചെന്നും യെമനിലെ സൂഫി പണ്ഡിതൻറെ ശിഷ്യനായ ജവാദ് മുസ്തഫാവി വ്യക്തമാക്കി. കഴിഞ്ഞ 14നാണ് വധശിക്ഷ മരവിപ്പിച്ചതായുള്ള വിവരം ലഭിക്കുന്നത്.
പിന്നാലെ വധശിക്ഷ റദ്ദാക്കുന്നതിലടക്കം നിരന്തരം ചർച്ചകൾ യെമനിൽ നടന്നിരുന്നു. അതിൻറെ ഭാഗമായാണ് വധശിക്ഷ റദ്ദാക്കാൻ ധാരണയായതെന്നും ജവാദ് മുസ്തഫാനി പറഞ്ഞു.
നിമിഷയുടെ വധശിക്ഷ റദ്ദാക്കാനും മറ്റു കാര്യങ്ങൾ തുടർചർച്ചകളുടെ അടിസ്ഥാനത്തിൽ തീരുമാനിക്കാനും ധാരണയായെന്ന വിവരമാണ് കാന്തപുരത്തിൻറെ ഓഫീസ് ഇന്നലെ രാത്രിയാണ് പുറത്തുവിട്ടത്. യെമൻ പണ്ഡിത സംഘത്തിന് പുറമെ ഉത്തര യെമനിലെ ഭരണാധികാരികളും രാജ്യാന്തര നയതന്ത്ര ഉദ്യോഗസ്ഥരും മധ്യസ്ഥ ചർച്ചകളിൽ പങ്കെടുത്തെന്നാണ് വിവരം. പക്ഷെ ദയധനത്തിൻറെ കാര്യത്തിൽ തീരുമാനമായിട്ടില്ലായെന്നും തലാഖിന്റെ കുടുംബവുമായി തുടർ ചർച്ചകൾ നടത്തിയ ശേഷം ഇക്കാര്യത്തിൽ തീരുമാനമാകുവെന്നുമാണ് കാന്തപുരത്തിന്റെ ഓഫിസ് അറിയിച്ചത്.
ഇതിനിടെ, കഴിഞ്ഞ ദിവസം നിമിഷപ്രിയയുടെ മോചനത്തിനായി ഭർത്താവും മകൾ മിഷേലും യെമനിലെത്തിയതായി പിടിഐ റിപ്പോർട്ട് ചെയ്തു. യെമനിൽ നിന്ന് ഇവർക്കൊപ്പം ഡോ. കെ.എ പോൾ എന്ന ഇവാഞ്ചലിസ്റ്റ് നേതാവ് വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്നും ഉടനെ മോചിതയാകുമെന്നും പ്രഖ്യാപിച്ചയാളാണ് ഗ്ലോബൽ പീസ് ഇനിഷ്യേറ്റീവ് എന്ന സംഘടനയുടെ സ്ഥാപകൻ കെ.എ പോൾ.