തിരുവനന്തപുരം: തദ്ദേശപ്പോരിന്റെ പൊലിമ ഒട്ടും ചോരാതെതന്നെ കൊട്ടിക്കലാശത്തിനു പരിസമാപ്തി. വോട്ടുറപ്പിക്കാനും സ്ഥാനാർഥികളുടെ പേര് ജന മനസിൽ അവസാന നിമിഷം ഒന്നുകൂടി പതിപ്പിക്കാനുമുള്ള സ്ഥാനാർഥികളുടെ നെട്ടോട്ടമാണ് ഇന്നു പലയിടത്തും കാണാനായത്. സംസ്ഥാനത്ത് തെക്ക് മുതൽ മധ്യകേരളം വരെ ഏഴ് ജില്ലകളിലാണ് ഇന്ന് ആവേശ- ആരവത്തിന്റെ കൊട്ടിക്കലാശം നടന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ പരസ്യപ്രചാരണം ഇന്ന് വൈകീട്ട് ആറ് മണിയോടെ അവസാനിച്ചു. ചൊവ്വാഴ്ച രാവിലെ മുതൽ 1.32 കോടി വോട്ടർമാർ ജനവിധി തീരുമാനിക്കും.
അതേസമയം കൊട്ടിക്കലാശം നടന്ന ജില്ലകളുടെ മുക്കിലും മൂലയിലും വരെ വലിയ ആവേശ പ്രകടനമാണ് നടന്നത്. സംഘർഷം ഒഴിവാക്കുന്നതിനായി വിവിധ സ്ഥലങ്ങളിൽ പോലീസിനെ നിയോഗിച്ചിരുന്നു. സംസ്ഥാനത്ത് വോട്ടെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ എ ഷാജഹാൻ അറിയിച്ചു. തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടത്തിലാണ് ചൊവ്വാഴ്ച്ച ഏഴ് ജില്ലകളിൽ വോട്ടെടുപ്പ് നടക്കുക. രണ്ടാംഘട്ടത്തിൽ തൃശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ഡിസംബർ 11നാണ് വോട്ടെടുപ്പ്. ഇവിടെ ഒൻപതിന് പരസ്യപ്രചാരണം അവസാനിക്കും.



















































