മടിക്കൈ: കാസർകോട് മടിക്കൈയിൽ സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയ സംഭവത്തിൽ ഹൈക്കോടതിയെ സമീപിക്കാൻ ബിജെപി നേതൃത്വം. സ്ഥാനാർത്ഥിയെ പിന്തുണച്ചയാൾ പിൻതുണ പിൻവലിച്ചതോടെ സ്ഥാനാർഥി പി രജിതയെ പത്രിക തള്ളുകയായിരുന്നു. അതേസമയം പിൻതുണച്ചയാളെ സിപിഎം വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയെന്നും ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ നിരന്തരം ഭീഷണിയുണ്ടായെന്നും ജില്ലാ പ്രസിഡന്റ് എം എൽ അശ്വിനി പ്രതികരിച്ചു.
ജീവഭയം കൊണ്ടാണ് പിന്താങ്ങിയ ആൾ പത്രികയുടെ സൂക്ഷ്മ പരിശോധനയിൽ തന്റെ ഒപ്പല്ലെന്ന് പറഞ്ഞത്. വിഷയം നിയമപരമായി നേരിടും. ഹൈക്കോടതിയെ സമീപിക്കുമെന്നും ബിജെപി വ്യക്തമാക്കി. അതേസമയം ബിജെപി നടത്തുന്നത് കുപ്രചാരണമെന്ന് സിപിഎം ആരോപിച്ചു.
മടിക്കൈ പത്താം വാർഡ് ബങ്കളത്തെ ബിജെപി സ്ഥാനാർത്ഥി പി രജിതയുടെ പത്രികയാണ് സൂക്ഷ്മപരിശോധനയ്ക്ക് പിന്നാലെ തള്ളിയത്. രജിതയെ നിർദേശിച്ചയാൾ പിന്തുണ പിൻവലിച്ചതോടെയാണ് പത്രിക തള്ളുകയായിരുന്നു. പിന്നാലെ മടിക്കൈ ഗ്രാമപഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി പി ശാന്തിനി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഈ ഡിവിഷനിൽ യുഡിഎഫിന് സ്ഥാനാർത്ഥിയില്ല. ബങ്കളം കുരുഡ് സ്വദേശി കെ ഭാസ്‌കരനായിരുന്നു രജിതയ്ക്ക് പിന്തുണ നൽകിയിരുന്നത്. ഇദ്ദേഹം ശനിയാഴ്ച്ച വരണാധികാരിക്ക് മുന്നിലെത്തി പിന്തുണ പിൻവലിക്കുന്നതായി അറിയിക്കുകയായിരുന്നു.
























































