തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡണ്ട് പ്രഖ്യാപനം തിങ്കളാഴ്ച. കേരളത്തിലെ സംഘടനാ തെരഞ്ഞെടുപ്പിൻറെ ചുമതലയുള്ള പ്രഹ്ളാദ് ജോഷിയുടെ സാന്നിധ്യത്തിൽ ചേരുന്ന സംസ്ഥാന കൗൺസിലിലാണ് തീരുമാനമുണ്ടാകുക.മാസങ്ങളായി നീളുന്ന അനിശ്ചിതത്വത്തിനാണ് വിരാമമാകുന്നത്. തിങ്കളാഴ്ച സംസ്ഥാന കൗൺസിലിന് മുമ്പായി ഞായറാഴ്ച കോർ കമ്മിറ്റി ചേരും. സംസ്ഥാന അധ്യക്ഷനെ സമവയാത്തിലൂടെ തന്നെയാകും തീരുമാനിക്കുക. കേന്ദ്ര നിലപാട് പ്രഹളാദ് ജോഷി അറിയിക്കും. അത് കൗൺസിൽ അംഗീകരിച്ച് പ്രഖ്യാപിക്കും.
സമീപകാലത്ത് അധ്യക്ഷന്മാർ ആരാണെന്നുള്ള കേന്ദ്ര തീരുമാനം നേരത്തെ പുറത്ത് വന്നശേഷമാണ് കൗണസിൽ ചേർന്ന് അംഗീകരിക്കുന്ന നടപടി പൂർത്തിയാക്കിയത്. ഇത്തവണ സസ്പെൻസ് ഒരുപാട് നീണ്ടുപോയി. കേന്ദ്രപ്രതിനിധികൾ ഇതിനിടെ പലവട്ട കേരളനേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കെ.സുരേന്ദ്രൻ തുടരുമോ, അതോ പുതിയൊരാൾ വരുമോ എന്നതാണ് ആകാംക്ഷ. അഞ്ചുവർഷത്തെ കാലാവധി നിർബന്ധമാക്കിയാൽ സുരേന്ദ്രൻ മാറും. എംടി രമേശ്, ശോഭാ സുരേന്ദ്രൻ എന്നീ പേരുകളും സജീവമായി പരിഗണനയിലുണ്ട്.