ന്യൂഡൽഹി: കോൺഗ്രസ് എംപി ശശി തരൂരുമൊത്തുള്ള ബിജെപി എംപിയുടെ സെൽഫി സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാവുന്നു. ബിജെപി നേതാവ് ബൈജയന്ത് ജയ് പാണ്ട പങ്കുവച്ച ചിത്രവും അതിനൊപ്പമുള്ള കുറിപ്പുമാണ് ചർച്ചയ്ക്ക് വഴിമരുന്നിടുന്നത്. ‘ഒടുവിൽ ഒരേ ദിശയിൽ യാത്ര ചെയ്യുന്നു’-എന്നാണ് ശശി തരൂരിനൊപ്പമുള്ള സെൽഫിയോടൊപ്പം ബിജെപിയുടെ വൈസ് പ്രഡിഡന്റ് കൂടിയായ പാണ്ട കുറിച്ചത്.
‘ഒടുവിൽ നമ്മൾ ഒരേ ദിശയിൽ സഞ്ചരിക്കുകയാണെന്ന് പറഞ്ഞതിന് എന്റെ സുഹൃത്തും സഹയാത്രികനുമായ ആൾ എന്നെ വികൃതി എന്ന് വിളിച്ചു’ എന്നായിരുന്നു പാണ്ടയുടെ പോസ്റ്റ്. ഇതിന് തരൂർ മറുപടി നൽകിയിട്ടുമുണ്ട്. ‘ഭുവനേശ്വർ വരെയുള്ള സഹയാത്രികൻ. നാളെ രാവിലെ കലിംഗ ലിറ്റ്‌ഫെസ്റ്റിൽ പങ്കെടുക്കുകയാണ്. ഉടനെ തിരിച്ചുവരും’- എന്നാണ് തരൂരിന്റെ മറുപടി.
അതേസമയം സംസ്ഥാന സർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പുകഴ്‌ത്തി കോൺഗ്രസുമായി അഭിപ്രായവ്യത്യാസം നിലനിൽക്കെയാണ് ബിജെപി എംപിയുമൊത്തുള്ള തരൂരിന്റെ പുതിയ സെൽഫി. റഷ്യ- യുക്രെയ്ൻ യുദ്ധം പൊട്ടിപ്പുറപ്പെട്ട സമയത്ത് നരേന്ദ്ര മോദി സ്വീകരിച്ച നയം ശരിയാണെന്ന് ശശി തരൂർ പറഞ്ഞതാണ് കോൺഗ്രസിനെ വെട്ടിലാക്കിയത്. ഇരു രാജ്യങ്ങളും തമ്മിൽ നല്ല ബന്ധം നിലനിർത്താൻ മോദിക്ക് കഴിഞ്ഞു. ഇന്ത്യയുടെ നിലപാടിനെ താൻ എതിർത്തത് അബദ്ധമായെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഡൽഹി ‘റായ്സിന ഡയലോഗ്’ സംവാദത്തിൽ സംസാരിക്കവേയായിരുന്നു തരൂരിന്റെ പരാമർശം.
മുൻപ് കേരളത്തിലെ വ്യവസായ വികസനത്തെ പ്രശംസിച്ചുള്ള തരൂരിന്റെ ലേഖനമാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. സ്റ്റാർട്ട് അപ്പ് രംഗത്തെ വളർച്ചയും വ്യവസായ സൗഹൃദ റാങ്കിംഗിൽ കേരളം ഒന്നാമതെത്തിയതും ചൂണ്ടിക്കാട്ടിയുള്ള തരൂരിന്റെ ‘ചേഞ്ചിംഗ് കേരള; ലംബറിംഗ് ജംബോ ടു എ ലൈത് ടൈഗർ’ എന്ന ലേഖനമാണ് വിവാദങ്ങൾക്ക് വഴിതെളിച്ചത്. പിന്നാലെ തരൂരിലെ വിമർശിച്ച് വി ഡി സതീശനടക്കമുള്ള കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. തരൂരിനെതിരെ സംസ്ഥാന നേതാക്കൾ ഹൈക്കമാൻഡിന് പരാതിയും നൽകിയിരുന്നു.