തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രധാന സീറ്റുകളിൽ സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിക്കാനുള്ള നീക്കത്തിൽ ബിജെപി. പ്രധാനനേതാക്കൾ മത്സരിക്കാൻ സാധ്യതയുള്ള മണ്ഡലങ്ങളിൽ പ്രവർത്തനം തുടങ്ങാൻ പാർട്ടി കോർ കമ്മിറ്റി യോഗത്തിൽ തീരുമാനമെടുത്തിരുന്നു. ഇതിന്റെ ഭാഗമായാണ് സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കളം സജീവമാകാൻ ബിജെപി ഒരുങ്ങുന്നത്.
വിജയസാധ്യതയുണ്ടെന്ന് ബിജെപി വിലയിരുത്തുന്ന നേമം, കഴക്കൂട്ടം, പാലക്കാട്, കായംകുളം എന്നിവ ഉൾപ്പെടെ 30 സീറ്റുകളിൽ നേരത്തെ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണ് നീക്കം. സ്ഥാനാർഥികളെ പ്രഖ്യാപിച്ച് അതാത് മണ്ഡലങ്ങളിൽ പ്രവർത്തനം നേരത്തെ തുടങ്ങും. നേമം മണ്ഡലത്തിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാകും മത്സരിക്കുക. താൻ നേമത്ത് മത്സരിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്. ഇതിന് പുറമെ കഴക്കൂട്ടത്ത് മുൻ സംസ്ഥാന അധ്യക്ഷനും മുൻകേന്ദ്രമന്ത്രിയുമായ വി. മുരളീധരൻ മത്സരിക്കാനാണ് സാധ്യത. പാലക്കാട്ട് മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെയും കായംകുളത്ത് ശോഭ സുരേന്ദ്രനെയും പരിഗണിക്കുന്നുണ്ട്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ മത്സരിച്ച ശോഭ സുരേന്ദ്രൻ കായംകുളം മണ്ഡലത്തിൽ മുന്നിലെത്തിയിരുന്നു. പാലക്കാട് മണ്ഡലത്തിലും ബിജെപിക്ക് ശക്തമായ സാന്നിധ്യമുണ്ട്.
അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി കേന്ദ്രമന്ത്രി അമിത്ഷാ 11-ന് തിരുവനന്തപുരത്തെത്തും. പിന്നീട് പ്രധാനമന്ത്രി നരേന്ദ്രമോദിയുമെത്തും. തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി നേടിയ ചരിത്ര വിജയം ആഘോഷിക്കുന്നതിനും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ അഭിസംബോധന ചെയ്യുന്നതിനുമായാണ് അദ്ദേഹം എത്തുന്നത്. തിരുവനന്തപുരത്ത് നടക്കുന്ന വിപുലമായ സമ്മേളനത്തിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശന തീയതി അമിത് ഷാ ഔദ്യോഗികമായി പ്രഖ്യാപിക്കും.
പാർട്ടിയുടെ ഔദ്യോഗിക തിരഞ്ഞെടുപ്പ് പ്രചാരണം ജനുവരി 12-ന് ആരംഭിക്കും. തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടുവിഹിതം കുറഞ്ഞത് ബിജെപിയെ സമ്മർദത്തിലാക്കിയിട്ടുണ്ട്. എന്നാൽ, പരമാവധി സീറ്റുകളിൽ വിജയം നേടുക എന്ന ലക്ഷ്യത്തിലാണ് ബിജെപി കളത്തിലിറങ്ങുന്നത്.













