കൊച്ചി: സിനിമാമേഖലയിലെ തൊഴിലാളി സംഘടനയായ ഫെഫ്കയിൽ നിന്ന് രാജിവെച്ച് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. നടൻ ദിലീപിനെ തിരിച്ചെടുക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് രാജി. ഇനി ഒരു സംഘടനയിലും ഭാഗമാകില്ലെന്നും ഭാഗ്യലക്ഷ്മി അറിയിച്ചു.
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ കുറ്റവിമുക്തനാക്കിയതിന് പിന്നാലെ അദ്ദേഹത്തെ തിരിച്ചെടുക്കുന്നതുസംബന്ധിച്ചുള്ള വിഷയത്തിൽ ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ നിലപാട് വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ ഡയറക്ടേഴ്സ് യൂണിയൻ തീരുമാനമെടുക്കുമെന്നും വിധിന്യായത്തിലേക്കെത്തിയ സാഹചര്യം ഫെഫ്ക പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ എട്ടാംപ്രതിയായ നടൻ ദിലീപിനെ ഇന്നലെ വിചാരണക്കോടതി വെറുതേവിട്ടിരുന്നു. ദിലീപ് ഉൾപ്പെടെ നാലുപ്രതികളെയാണ് കോടതി വിട്ടയച്ചത്. ദിലീപിനെതിരേയുള്ള ക്രിമിനൽ ഗൂഢാലോചനക്കുറ്റവും തെളിവ് നശിപ്പിച്ചെന്ന കുറ്റവും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി.

















































