ബത്തേരി: ബിസിഎ പഠനത്തിനായി ബെംഗളൂരുവിലെത്തിയ ടാൻസാനിയൻ പൗരൻ കേരളത്തിലേക്കുള്ള ലഹരിക്കടത്തിന്റെ കേന്ദ്രമെന്ന് പോലീസ്. കഴിഞ്ഞ ദിവസം കേരളത്തിലേക്കു ലക്ഷങ്ങളുടെ ലഹരിമരുന്നു കടത്തിയ ടാൻസാനിയ പൗരൻ പ്രിൻസ് സാംസണെ പിടികൂടിയതോടെ ലഹരിക്കടത്തിന്റെ ചങ്ങല പൊട്ടിക്കാൻ സാധിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് പോലീസ്. കഴിഞ്ഞ മാസം 24ന് മലപ്പുറം തിരൂരങ്ങാടി ചെറുമുക്ക് എടക്കണ്ടത്തിൽ ഷെഫീക് (30) എംഡിഎംഎയുമായി പിടിയിലായിരുന്നു. ഇയാളെ ചുവടുപിടിച്ചാണ് പോലീസ് ടാൻസാനിയക്കാർ പൗരൻ പ്രിൻസിലേക്കെത്തിയത്.
വിവാഹവാഗ്ദാനം നൽകി റീൽസെടുത്ത് കൂടെ കൂട്ടി പീഡിപ്പിച്ചു; സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ തൃക്കണ്ണന്‍ കസ്റ്റഡിയില്‍
കർണാടക ഗവ. കോളേജിൽ ബിസിഎ വിദ്യാർഥിയാണ് പ്രിൻസ്. പഠനം സൈഡായി കൊണ്ടുപോകുന്ന പ്രിൻസ് വല്ലപ്പോഴും ക്ലാസിൽ തലകാണിച്ച് മുങ്ങുകയാണ് പതിവ്. പ്രിൻസിന്റ പ്രധാന ജോലി ലഹരിമരുന്ന് കച്ചവടമായിരുന്നു. ലഹരി വിൽപ്പനയിലൂടെ ലഭിക്കുന്ന പണം ആഡംബര ജീവിതത്തിനു ഉപയോഗിക്കും. ബെംഗളൂരുവിലെ പല കേന്ദ്രങ്ങളിൽനിന്ന് രാസലഹരി എത്തിക്കുകയും അവ ഏജന്റുമാർ വഴി കേരളത്തിലേക്ക് കടത്തുകയുമാണു ചെയ്തിരുന്നത്. മലയാളികളുൾപ്പെടെ ഒട്ടേറെപ്പേർ പ്രിൻസുമായി ഇടപാട് നടത്തുന്നുണ്ടെന്നാണു വിവരം.
2021ൽ പഠനത്തിനായി ബെംഗളൂരുവിലെത്തിയ പ്രിൻസ് 2024ൽ മൂന്ന് വർഷത്തെ കോഴ്സ് പൂർത്തിയായെങ്കിലും മിക്ക വിഷയങ്ങൾക്കും തോൽക്കുകയായിരുന്നു. പിന്നീട് തോറ്റ വിഷയങ്ങൾ എഴുതിയെടുക്കാനെന്ന വ്യാജേന ലഹരി വ്യാപാരമായിരുന്നു ഇയാളുടെ ലക്ഷ്യം. രണ്ടു മാസം മുൻപെടുത്ത അക്കൗണ്ടിലൂടെ മാത്രം 80 ലക്ഷം രൂപയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നു അന്വേഷണത്തിൽ പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇയാൾക്ക് വേറെയും ബാങ്ക് അക്കൗണ്ടുകൾ ഉണ്ടെന്നാണ് സൂചന. ഇതിനെക്കുറിച്ച് അന്വേഷണം നടന്നുവരികയാണ്. പ്രിൻസിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ. അതേസമയം സ്വന്തം പേരിൽ അക്കൗണ്ടില്ലാത്ത പ്രിൻസ് മറ്റുള്ളവരുടെ പേരിലെടുത്ത വ്യാജ അക്കൗണ്ടുകളിലൂടെയാണു പണമിടപാട് നടത്തിയിരുന്നത്. വിവിധ സ്ഥലങ്ങളിലുള്ളവർ അക്കൗണ്ടിലേക്കു പണം അയച്ചിട്ടുണ്ടെന്നാണ് വിവരം. മുത്തങ്ങയിൽ പിടിയിലായ മലപ്പുറം സ്വദേശി ഷെഫീഖും പ്രിൻസിന് പണം അയച്ചതായി കണ്ടെത്തിയിട്ടുണ്ട്. പ്രിൻസിന്റെ പക്കൽ നിന്നും പിടിച്ചെടുത്ത വെളുത്ത പൊടി രാസലഹരിയാണോ, ലഹരിമരുന്ന് ഉണ്ടാക്കുന്നതിനുള്ള മരുന്നാണോ എന്ന് പൊലീസ് പരിശോധിക്കുകയാണ്.
ബത്തേരി പൊലീസും ജില്ലാ ഡാൻസാഫ് സംഘവും ദിവസങ്ങളായി ബെംഗളൂരുവിൽ നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് ഞായറാഴ്ച രാത്രി പ്രിൻസിനെ ബെംഗളൂരുവിലെ ഫ്ലാറ്റിൽനിന്ന് പിടികൂടിയത്. ലഹരി മരുന്നെന്ന് കരുതുന്ന നൂറു ഗ്രാം പൊടിയും പിടിച്ചെടുത്തു. ഇത് പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിരിക്കുകയാണ്. അഞ്ച് മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, ഡെബിറ്റ് കാർഡുകൾ തുടങ്ങിയവയും പിടിച്ചെടുത്തു.