ചേർത്തല: റിട്ട. പഞ്ചായത്ത് ജീവനക്കാരി ചേർത്തല വാരനാട് സ്വദേശി ഐഷയെ(58) കൊലപ്പെടുത്തിയെന്ന കേസിൽ ഐഷയുടെ സുഹൃത്തും അയൽവാസിയുമായ സ്ത്രീയുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തി. ചേർത്തല കൊലപാതകക്കേസിൽ ഐഷയെ പ്രതിയായ ചൊങ്ങുംതറ സി.എം സെബാസ്റ്റ്യൻ കൊലപ്പെടുത്തിയിരിക്കാമെന്ന നിർണായക വെളിപ്പെടുത്തൽ നടത്തിയ സ്ത്രീയുടെ മൊഴിയാണ് ഇന്നലെ ചേർത്തല മജിസ്ട്രേട്ടിനു മുന്നിൽ രേഖപ്പെടുത്തിയത്.
അന്നു ഐഷയെ കാണാതാകുന്നതിന്റെ തലേദിവസം ഐഷയും സെബാസ്റ്റ്യനും തമ്മിൽ ഐഷയുടെ വീട്ടിൽ വച്ചു തർക്കമുണ്ടായെന്നും, കാണാതായ ദിവസം സെബാസ്റ്റ്യനെ കാണാനാണെന്നു പറഞ്ഞാണു ഐഷ വീട്ടിൽ നിന്നു പോയതെന്നുമാണ് ഇവർ നേരത്തേ മാധ്യമങ്ങളോടു വെളിപ്പെടുത്തിയത്. ഈ വിവരങ്ങൾ പുറത്തു പറഞ്ഞാൽ തന്നെയും മകനെയും കൊലപ്പെടുത്തുമെന്നു സെബാസ്റ്റ്യൻ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ഇവർ പറഞ്ഞിരുന്നു. ഐഷയെ അവസാനമായി ജീവനോടെ കണ്ട ആളെന്ന നിലയിൽ കേസിൽ ഇവർ പ്രധാന സാക്ഷിയാകാനാണു സാധ്യത.
അതേസമയം സെബാസ്റ്റ്യന്റെ സുഹൃത്തായ വാരനാട് സ്വദേശിനിയെ പോലീസ് ഇന്നലെ അഞ്ചു മണിക്കൂറോളം ചോദ്യം ചെയ്തു. ഐഷയുടെ കൊലപാതകത്തെക്കുറിച്ച് ഇവർക്ക് അറിവുണ്ടായിരുന്നുവെന്നാണു പോലീസിന്റെ നിഗമനം. കുറച്ചുനാളുകളായി ഇവർ പോലീസിന്റെ നിരീക്ഷണത്തിലാണ്. ഇവരുടെ സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെ പോലീസ് പരിശോധിക്കുന്നുണ്ട്.














































