ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ ഉത്സവം തുടങ്ങുന്നത് കാപ്പ്‌കെട്ട് ചടങ്ങോടുകൂടിയാണ്. 2025 മാര്‍ച്ച് അഞ്ചിനാണ് പൊങ്കാല മഹോത്സവത്തിന് തുടക്കം കുറിക്കുന്നത്. രാവിലെ 10 മണിക്കാണ് കാപ്പ് കെട്ടി കുടിയിരുത്തല്‍ ചടങ്ങ്. പഞ്ചലോഹത്തിലാണ് കാപ്പുകള്‍ തയ്യാറാക്കിയിട്ടുള്ളത്. വ്രതശുദ്ധിയോടെ തയ്യാറാക്കുന്ന കാപ്പും, പുറുത്തിനാരും ദേവീമന്ത്രം ജപിച്ച് ക്ഷേത്രസന്നിധിയില്‍ എത്തിക്കുകയും, നിശ്ചിത മുഹൂര്‍ത്തത്തില്‍ കണ്ണകി ചരിതം പാടി ദേവിയെ സ്തുതിച്ചുകൊണ്ട് ക്ഷേത്രതന്ത്രി ബ്രഹ്‌മശ്രീ പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ഒരു കാപ്പ് ദേവിയുടെ ഉടവാളിലും, മറ്റൊരു കാപ്പ് ക്ഷേത്രം മേല്‍ശാന്തി ബ്രഹ്‌മശ്രീ വി മുരളീധരന്‍ നമ്പൂതിരിയുടെ കയ്യിലും കെട്ടുന്നതോടെയാണ് ആറ്റുകാല്‍ ദേവീക്ഷേത്ര ഉത്സവത്തിന് തുടക്കമാകുന്നത്.
കാപ്പ് മേല്‍ശാന്തിയുടെ കയ്യില്‍ അണിയിക്കുന്നതോടെ അദ്ദേഹം ഉത്സവം കഴിയുന്നതുവരെ പുറപ്പെടാശാന്തി ആയിരിക്കും. പൊങ്കാല കഴിഞ്ഞ് ദേവി കുത്തിയോട്ട വ്രതക്കാരായ ദേവീദാസന്മാരോടൊപ്പം മണക്കാട് ശാസ്താക്ഷേത്രത്തിലേക്കുള്ള പുറത്തെഴുന്നള്ളത്തിന് മേല്‍ശാന്തി കൂടി അനുഗമിക്കും. പിറ്റേദിവസം ശാസ്താ ക്ഷേത്രത്തില്‍ നിന്ന് കുത്തിയോട്ടക്കാര്‍ ഉച്ചയോടെ ക്ഷേത്രത്തില്‍ എത്തിച്ചേരും.
രാത്രി 10 മണിക്ക് കാപ്പഴിക്കല്‍ ചടങ്ങും, 1 മണിക്ക് നടക്കുന്ന കുരുതിതര്‍പ്പണത്തോടെയാണ് ഉത്സവത്തിന് സമാപനമാകുന്നത്.