തിരുവനന്തപുരം: ആശ വര്‍ക്കര്‍മാര്‍ തിരുവനന്തപുരത്തു തുടരുന്ന അനിശ്ചിതകാല സമരത്തിനു പിന്നില്‍ കൃത്യമായ ഗൂഢാലോചനയുണ്ടെന്ന ആരോപണങ്ങള്‍ക്ക് കൂടുതല്‍ തെളിവുകള്‍ പുറത്ത്. കേന്ദ്ര പദ്ധതിയായിട്ടും എന്തുകൊണ്ടു കേന്ദ്ര സര്‍ക്കാരിനോട് ആവശ്യങ്ങള്‍ ഉന്നയിക്കുന്നില്ലെന്ന വിമര്‍ശനങ്ങളെ, ഓണറേറിയം വര്‍ധിപ്പിക്കേണ്ടത് സംസ്ഥാന സര്‍ക്കാര്‍ ആണെന്നു ചൂണ്ടിക്കാട്ടിയാണ് എസ് യുസിഐ നേതാവ് എസ്. മിനിയടക്കമുള്ളവര്‍ നേരിട്ടത്. ഇടയ്ക്കു സുരേഷ് ഗോപി സമരപ്പന്തലില്‍ എത്തിയപ്പോള്‍ ‘മണിമുറ്റത്താവണിപ്പന്തല്‍’ എന്ന പാട്ടുപാടിയാണു സ്വീകരിച്ചത്. അന്നും സുരേഷ് ഗോപിയോട് എന്തുകൊണ്ടു തങ്ങളെ സ്ഥിരം തൊഴിലാളിയാക്കാന്‍ ഇടപെടുന്നില്ല എന്ന ചോദ്യം ഉന്നയിച്ചിരുന്നില്ല.
അന്ന് ആശമാര്‍ക്കു പിന്തുണ പ്രഖ്യാപിച്ചു ഡല്‍ഹിയിലേക്കുപോയ സുരേഷ് ഗോപി ജെ.പി. നദ്ദയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇപ്പോള്‍ അദ്ദേഹത്തിന്റെ കൂടുതല്‍ പ്രതികരണങ്ങള്‍ പുറത്തുവരുമ്പോഴാണ് ആശമാരുടെ സമരം നിഷ്‌കളങ്കമല്ലെന്ന സൂചനകളും ലഭിക്കുന്നത്. ആശമാര്‍ വീട്ടിലെത്തി ക്ഷണിച്ചിട്ടാണ് സമരപ്പന്തലില്‍ എത്തിയതെന്നും അല്ലാതെ വെറുതേ വന്നതല്ലെന്നും പറയുന്ന സുരേഷ് ഗോപിയുടെ വീഡിയോ പുറത്തുവന്നു. അന്ന് അടിയന്തരമായി ഡല്‍ഹിക്കു പോകേണ്ടതിനാല്‍ പന്തലില്‍ എത്താന്‍ കഴിഞ്ഞില്ല. പിന്നീട് തിരികെയെത്തിയപ്പോള്‍ സമരപ്പന്തലില്‍ എത്തി. പിറ്റേന്നും അവിടെ പോകേണ്ടിവന്നെന്നും സുരേഷ് ഗോപി പറഞ്ഞു.
വീഡിയോ കാണാം
കോണ്‍ഗ്രസ് നേതാക്കളടക്കം സമരത്തിന്റെ പ്രാമുഖ്യം കണ്ട് പന്തലില്‍ എത്തിയിരുന്നു. ഇവരെ ആരും ക്ഷണിച്ചതായിരുന്നില്ല. പിന്നെ എന്തുകൊണ്ടാണു സുരേഷ് ഗോപിയെ മാത്രം വീട്ടിലെത്തി ക്ഷണിച്ചു എന്ന ചോദ്യമാണ് ഉയരുന്നത്.
സുരേഷ് ഗോപിയുടെ സന്ദര്‍ശനത്തിനു പിന്നാലെയാണു ബിഎംഎസ് അടിയന്തരമായി ആശ വര്‍ക്കര്‍മാരുടെ സംഘടന രൂപീകരിക്കുന്നതും സമരത്തിനു പിന്തുണ പ്രഖ്യാപിക്കുന്നതും. സമരത്തിനു നോട്ടീസ് നല്‍കുമ്പോഴാണു ബന്ധപ്പെട്ട മന്ത്രിപോലും ബിഎംഎസ് സംഘടന രൂപീകരിച്ചെന്ന വിവരം അറിയുന്നത്. സമരപ്പന്തലില്‍ ഉള്ളവരെ കൂട്ടിച്ചേര്‍ത്ത് തട്ടിക്കൂട്ട് സംഘടന രൂപീകരിക്കുകയായിരുന്നു എന്നാണു വിവരം.
നേരത്തേ, ആശമാരെ കണ്ടത് ആത്മാര്‍ഥതയോടെ ആയിരുന്നെന്നും അത് അവസാനം വരെയുണ്ടാകുമെന്നും പറഞ്ഞ സുരേഷ് ഗോപി, വിഷയത്തില്‍ സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ കുറ്റം പറയില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയുള്ളതിനാല്‍ സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ എടുത്തുചാടി ഒരു നിലപാടു സ്വീകരിക്കാന്‍ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.
ആശാവര്‍ക്കര്‍മാരുടെ സമരത്തില്‍ കരകയറ്റം ഉണ്ടാകട്ടെ എന്നും സുരേഷ് ഗോപി പറഞ്ഞു. പറയാനുള്ളത് ജെപി നദ്ദ പാര്‍ലമെന്റില്‍ പറഞ്ഞിട്ടുണ്ട്. ആശാവര്‍ക്കര്‍മാരുടെ സമരം പരിഹരിക്കലല്ല അവരുടെ ജീവിതം നേരെയാവുകയാണ് വേണ്ടത്. എടുത്തുചാടി സംസ്ഥാന സര്‍ക്കാരിന് ഒരു തീരുമാനമെടുക്കാന്‍ കഴിയില്ലെന്നതാണ് താന്‍ നേരത്തെ തന്നെ പറഞ്ഞതെന്നും സുരേഷ് ഗോപി പറഞ്ഞു.
എന്നാല്‍ താന്‍ പറഞ്ഞത് ദുര്‍വാഖ്യാനം ചെയ്തു എന്നും മൂല്യം തകര്‍ക്കാന്‍ മാധ്യമങ്ങള്‍ കത്രിക വച്ചുവെന്നും സുരേഷ് ഗോപി കുറ്റപ്പെടുത്തി. അതേസമയം ബിഎംഎസിന്റെ യൂണിറ്റ് രൂപീകരിച്ചതിനെക്കുറിച്ചുള്ള കാര്യത്തില്‍ താന്‍ ചിന്തിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. താന്‍ തന്റെ പക്ഷമാണ് നോക്കുന്നത് മറ്റുള്ളവരുടെ വാഖ്യാനം നോക്കാറില്ല. വ്യാഖ്യാനങ്ങള്‍ അല്ല, ഒരു സത്യമുണ്ട്, സത്യം തന്റെ ദൈവങ്ങള്‍ക്കറിയാമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.