ചെന്നൈ: തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന ലൈംഗികാതിക്രമങ്ങൾ തടയാനുള്ള പോഷ് നിയമത്തിൽ കൂടുതൽ വ്യക്തത വരുത്തി മദ്രാസ് ഹൈക്കോടതി. ജോലിസ്ഥലത്ത് സ്ത്രീകൾക്ക് ബുദ്ധി മുട്ടുണ്ടാക്കുന്നതോ, അസ്വസ്ഥത വരുത്തുന്നതോ ആയ ഏതൊരു പ്രവൃത്തിയും അതിൻ്റെ പിന്നിലെ ഉദ്ദേശ്യം എന്തായാലും അതു പരിഗണിക്കാതെ തന്നെ ലൈംഗികപീഡനമായി കണക്കാക്കുമെന്ന് മദ്രാസ് ഹൈക്കോടതി. ജസ്റ്റിസ് ആർഎൻ മഞ്ജുളയുടേതാണ് ഉത്തരവ്.
എച്ച്സിഎൽ ടെക്നോളജീസിലെ സർവീസ് ഡെലിവറി മാനേജർ പാർത്ഥസാരഥിക്കെതിരെ അതേ സ്ഥാപനത്തിലെ മൂന്ന് വനിതാ ജീവനക്കാർ നൽകിയ പരാതി ലൈംഗിക പീഡനമായി കണക്കാക്കാൻ കഴിയില്ലെന്ന പ്രിൻസിപ്പൽ ലേബർ കോടതിയുടെ വിധി റദ്ദാക്കുന്നതിനിടെയാണ് മദ്രാസ് ഹൈക്കോടതി പുതിയ നിരീക്ഷണങ്ങൾ നടത്തിയത്.
മൂന്നാറിൽ കൊമ്പുകോർത്ത് കാട്ടാനകൾ, പടയപ്പയുടെ ആക്രമണത്തിൽ നിന്ന് കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, കാർ അടിച്ചു തകർത്തു, ആതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ കാട്ടാനയെ മയക്കുവെടിവച്ച് ചികിത്സയാരംഭിച്ചു
പോഷ് നിയമപ്രകാരം ലൈംഗിക പീഡനം നിർവചിക്കുമ്പോൾ ആരോപണ വിധേയന്റെ ഉദ്ദേശ്യത്തേക്കാൾ പ്രവൃത്തി നേരിട്ട വനിതയ്ക്ക് എന്ത് അനുഭവപ്പെട്ടു എന്നതിനാണ് പ്രാധാന്യം കൊടുക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. അതുപോലെ സഹപ്രവർത്തകരുമായി ഇടപഴകുമ്പോൾ നിശ്ചിത മാന്യത ഉറപ്പാക്കണമെന്നും സ്ത്രീകളെ എങ്ങനെ അത്തരം പ്രവൃത്തികൾ ബാധിക്കുന്നു എന്നതിൻ്റെ അടിസ്ഥാനത്തിലാണ് മാന്യതയുടെ മാനദണ്ഡങ്ങൾ നിശ്ചയിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. ജോലി സമയത്ത് തോളിൽ കൈയിടുകയും ശാരീരിക അളവുകൾ സംബന്ധിച്ച ചോദ്യങ്ങൾ ചോദിച്ച് ബുദ്ധിമുട്ടിക്കുകയും ചെയ്തുവെന്നാണ് വനിതാ ജീവനക്കാർ നൽകിയ പരാതി.
സഹപ്രവർത്തകർ നൽകിയ പരാതിയെ തുടർന്ന് ആഭ്യന്തര പരാതി പരിഹാര സമിതി (ഐസിസി) അന്വേഷണമാരംഭിക്കുകയും ആരോപണവിധേയനായ മേലുദ്യോഗസ്ഥനെ സർവീസിൽനിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു. എന്നാൽ, സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ പാർത്ഥസാരഥിയെ അനുവദിച്ചില്ല എന്ന പേരിലാണ് ലേബർ കോടതി വനിതാ ജീവനക്കാരുടെ പരാതി തള്ളിയത്. പ്രതിയുടെ പ്രവൃത്തി അനുചിതമായിരുന്നില്ലെന്ന് വ്യക്തമാണെന്നും അതിന് സിസിടിവി ദൃശ്യങ്ങൾ ആവശ്യമില്ലെന്നും മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി.