തിരുവനന്തപുരം: കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തേക്ക് ആന്റോ ആന്റണിയുടേയും ബെന്നി ബെഹനാന്റെ പേരാണ് കോൺഗ്രസ് ഹൈക്കമാന്റ് ഉയർത്തുന്നത്. അതിൽ പ്രഥമ പരിഗണന ആന്റോ ആന്റണിക്കു തന്നെയാണ്. മഹാരാഷ്ട്ര, ബിഹാർ സംസ്ഥാനങ്ങളിലെ സംസ്ഥാന അദ്ധ്യക്ഷൻമാരെ അടുത്തിടെ മാറ്റിയിരുന്നു. ഇതിന് പിന്നാലെ കേരളത്തിലെ അദ്ധ്യക്ഷ സ്ഥാനത്തേക്കും പുതിയൊരാളെ പരിഗണിക്കുകയാണ് ഹൈക്കമാന്റ്.
കൂടാതെ ക്രൈസ്തവ വിഭാഗത്തിൽ നിന്നുള്ള നേതാവ് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്ന് കേരളത്തിലെ പാർട്ടിക്കുള്ളിൽ പൊതു അഭിപ്രായം രൂപപ്പെട്ടിരുന്നു. പ്രത്യേകിച്ച് റോമൻ കാത്തലിക് വിഭാഗത്തിൽ നിന്നുള്ള നേതാവ്. ഈ ആവശ്യത്തെ ഹൈക്കമാന്റും ശരിവെക്കുന്നു എന്ന വിവരമാണ് ഇപ്പോൾ ലഭിക്കുന്നത്.
സണ്ണി ജോസഫ് എംഎൽഎയുടെയുംം റോജി ജോൺ എംഎൽഎയും പേരുകളും ചർച്ചയിലുണ്ടായിരുന്നുവെങ്കിലും അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരാൻ ഇപ്പോൾ ആഗ്രഹിക്കുന്നില്ലെന്ന് നേരത്തെതന്നെ റോജി ജോൺ നിലപാടെടുത്തിരുന്നു. ഇപ്പോൾ ആന്റോ ആന്റണിയുടെ പേരാണ് സജീവമായി പരിഗണിക്കുന്നത്,. ബെന്നി ബെഹനാന്റെയും പേര് പരിഗണിക്കുന്നുണ്ട്.
സംസ്ഥാനത്തെ പാർട്ടിയിൽ അടിമുടി അഴിച്ചുപണിയാണ് ഹൈക്കമാന്റ് ലക്ഷ്യമിടുന്നത്. തിരഞ്ഞെടുപ്പുകൾ നയിക്കാൻ പുതുനേതൃനിരയെ രംഗത്തിറക്കാനാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. കോർ കമ്മിറ്റി രൂപീകരണത്തിലേക്ക് ഉടൻ കടക്കും. മുതിർന്ന നേതാക്കൾ ഉൾപ്പെടുന്നതാണ് ഈ കമ്മിറ്റി. മുൻ കെപിസിസി അദ്ധ്യക്ഷൻമാർ ഉൾപ്പെടെ 11പേരെ ഉൾപ്പെടുത്തും. തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ഉൾപ്പെടെ ചുമതല ഈ കമ്മിറ്റിക്കായിരിക്കും. യുഡിഎഫിലും അഴിച്ചുപണി നടത്തിയേക്കും. കൺവീനറായ എംഎം ഹസ്സനെ മാറ്റുമെന്നും സൂചനയുണ്ട്.