കൊച്ചി: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പാതിവില തട്ടിപ്പുകേസില്‍ പണം നഷ്ടമായത് 33,000 പേര്ക്കാണെന്നു ഇതുവരെയുള്ള കണ്ടെത്തൽ. അനന്തു 98,000 പേരില്‍ നിന്നാണ് പണം കൈപ്പറ്റിയത്. ഇതില്‍ 65,000 പേര്‍ക്ക് സാധനങ്ങള്‍ നല്‍കിയെന്ന് പോലീസ് കണ്ടെത്തി. നിലവില്‍ സംസ്ഥാനത്ത് മൂവായിരത്തോളം പരാതികള്‍ മാത്രമാണ് പോലീസിനു ലഭിച്ചിട്ടുള്ളത്. പണം നഷ്ടമായ 30,000 പേര് ഉടന്‍ പരാതിയുമായി രംഗത്തെത്തുമെന്നാണ് പോലീസ് കരുതുന്നത്.
നിലവിലെ കണക്ക് കൂടാതെ വേറെയും തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോയെന്നു കണ്ടെത്തേണ്ടതുണ്ട്. ഇതുവരെയുള്ള കണക്കനുസരിച്ച് 40,000 പേരില്‍നിന്ന് സ്കൂട്ടര്‍ നല്‍കാമെന്ന് പറഞ്ഞ് 60,000 രൂപ വീതം കൈപ്പറ്റി. ഇതില്‍ 18,000 പേര്‍ക്ക് മാത്രമാണ് വാഹനം നല്‍കിയത്.
13,000 പേരില്‍ നിന്ന് തയ്യല്‍ മെഷീന്റെ പേരില്‍ പണം വാങ്ങിയിരുന്നു. ഇത് പൂര്‍ണമായും കൊടുത്തു തീര്‍ത്തതായാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. ലാപ്ടോപ്പിന്റെ പേരില്‍ 15,000 പേരില്‍ നിന്നായി 30,000 രൂപയും, രാസവളത്തിന്റെ പേരില്‍ 45,000 രൂപ വീതം 20,000 പേരില്‍ നിന്ന് അനന്തു വാങ്ങിയതായുള്ള രേഖകളും പോലീസ് കണ്ടെടുത്തു. ഇവയില്‍ 11,000 പേര്‍ക്കാണ് ഇനി നല്‍കാനുള്ളത്.