കോഴിക്കോട്: പാതിവിലയ്ക്ക് ഇരുചക്രവാഹനങ്ങളും ഗൃഹോപകരണങ്ങളും നൽകാമെന്ന് വാഗ്ദാനം നൽകി വിശ്വസിപ്പിച്ച് പണം തട്ടിയെന്ന കേസുകളിൽ ബിജെപി. സംസ്ഥാന ഉപാധ്യക്ഷൻ എഎൻ രാധാകൃഷ്ണനെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് വക്താവ് സന്ദീപ് വാര്യർ. എറണാകുളം കേന്ദ്രീകരിച്ച് നടക്കുന്ന മിക്ക ഡീലുകൾക്ക് പിറകിലുമുള്ള ഒന്നാന്തരം കച്ചവടക്കാരനാണ് എഎൻ രാധാകൃഷ്ണനെന്ന് സന്ദീപ് ഫെയ്സ്ബുക്കിലൂടെ ആരോപിച്ചു. ബിജെപി അറിഞ്ഞുകൊണ്ടാണോ തട്ടിപ്പെന്നും സന്ദീപ് ചോദിച്ചു.
സന്ദീപിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിൽനിന്ന്:
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എഎൻ രാധാകൃഷ്ണൻ ചീള് കേസ് ഒന്നുമല്ല. വലിയ തിമിംഗലം തന്നെയാണ്. എറണാകുളം കേന്ദ്രീകരിച്ച് നടക്കുന്ന മിക്ക ഡീലുകൾക്ക് പിറകിലും ഉള്ള ഒന്നാന്തരം കച്ചവടക്കാരൻ. ആർഎസ്എസ് നേതൃത്വത്തിന്റെ പൊന്നോമന പുത്രൻ. സംഘപരിവാറിന്റെ ഫണ്ട് റൈസർ. സംസ്ഥാനത്തുടനീളം പകുതി വിലയ്ക്ക് സ്‌കൂട്ടർ നൽകാമെന്ന് പറഞ്ഞു ആയിരക്കണക്കിന് പാവപ്പെട്ട സ്ത്രീകളെ വഞ്ചിച്ച് ആയിരം കോടി രൂപയിൽ അധികം തട്ടിയ പ്രതിയുമായി എഎൻ രാധാകൃഷ്ണന്റെ ബന്ധം എന്താണ്?
എഎൻ രാധാകൃഷ്ണൻ നേതൃത്വം നൽകുന്ന സൈൻ എന്ന കടലാസ് സംഘടന എങ്ങനെയാണ് ഒന്നേകാൽ ലക്ഷം രൂപ വില വരുന്ന സ്‌കൂട്ടർ 60000 രൂപയ്ക്ക് നൽകാൻ പോകുന്നത്? ഈ കടലാസ് സംഘടനയ്ക്ക് ആരാണ് സിഎസ്ആർ ഫണ്ട് കൊടുത്തിട്ടുള്ളത് ? ഇത്തരം ഉടായിപ്പ് പരിപാടിക്ക് ഏത് കമ്പനിയാണ് സിഎസ്ആർ കൊടുക്കാൻ പോകുന്നത്?
വനംവകുപ്പിനെ വട്ടം ചുറ്റിച്ച കൃഷ്ണപ്പരുന്ത്…!!! 20 പേരെ ആക്രമിച്ചു.., വാഹനങ്ങളുടെ താക്കോൽ കൊത്തിയെടുത്ത പറക്കും…!!! പിടികൂടി കാട്ടിലയച്ചു… ഇപ്പോൾ രണ്ടെണ്ണം…!! പിന്നിട് സംഭവിച്ചത്…
ഏകദേശം 8000 സ്‌കൂട്ടറുകൾ ഈ രീതിയിൽ നൽകിയെന്നു പറയുന്നു. അങ്ങനെയാണെങ്കിൽ 50 കോടി രൂപയോളം ഈ ഇനത്തിൽ സ്‌കൂട്ടർ കമ്പനികൾക്ക് കൊടുക്കാൻ എവിടെ നിന്ന് അധിക ഫണ്ട് ലഭിച്ചു? തട്ടിപ്പ് കേസിൽ ഇപ്പോൾ അറസ്റ്റിൽ ആയിട്ടുള്ള അനന്തു കൃഷ്ണന് ഏ എൻ രാധാകൃഷ്ണന്റെ സംഘടന അവാർഡ് നൽകിയിട്ടില്ലേ?
അനന്തു കൃഷ്ണന്റെ സംഘടനയുടെ അക്കൗണ്ടിലേക്ക് ഏ എൻ രാധാകൃഷ്ണന്റെ സംഘടന പാവങ്ങളിൽ നിന്ന് പിരിച്ചെടുത്ത പണം കൈമാറിയിട്ടുണ്ടോ?
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് മാത്രമല്ല സംസ്ഥാന കോർ കമ്മിറ്റി അംഗം എന്ന പദവിയിലും ഇരിക്കെ സൈൻ എന്ന പേരിൽ ഒരു സമാന്തര സംഘടന ഉണ്ടാക്കി മണി ചെയിൻ മോഡലിൽ ആളുകളെ ചേർത്ത് സ്‌കൂട്ടർ കച്ചവടം നടത്താൻ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഇദ്ദേഹത്തിന് അനുമതി നൽകിയിട്ടുണ്ടോ?
ബിജെപി പാർട്ടി അറിഞ്ഞിട്ടാണോ ഈ തട്ടിപ്പ് നടന്നത്? പാവപ്പെട്ട ആയിരക്കണക്കിന് സ്ത്രീകളെ അനന്തു കൃഷ്ണനും സംഘവും പറഞ്ഞു പറ്റിച്ചത് നരേന്ദ്രമോദി സർക്കാരിന്റെ പദ്ധതി എന്ന പേരിലാണ്. മിക്കവാറും എല്ലാ പരിപാടികളിലും എഎൻ രാധാകൃഷ്ണൻ സജീവ സാന്നിധ്യമായിരുന്നു. രാധാകൃഷ്ണനെ സംരക്ഷിക്കാൻ കെ സുരേന്ദ്രനും ബിജെപി നേതാക്കളും നടത്തുന്ന നീക്കം ലജ്ജാകരമാണ്. ആയിരക്കണക്കിന് സ്ത്രീകളുടെ കെട്ടു താലി വരെ പണയം വെപ്പിച്ച് പണം തട്ടിയ ആളുകൾ ആരായാലും അവർ ശിക്ഷിക്കപ്പെടണം.