ന്യൂഡൽഹി: ഉപരാഷ്ട്രപതിസ്ഥാനത്തുനിന്ന് ജഗ്ദീപ് ധൻകർ രാജിവെച്ചത് ആരോഗ്യകാരണങ്ങളെ തുടർന്നാണെന്നും അല്ലാതെ മറ്റു കാരണങ്ങളൊന്നുമില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ധൻകർ വീട്ടുതടങ്കലിൽ ആണെന്ന പ്രതിപക്ഷ ആരോപണവും അമിത് ഷാ തള്ളി. ഭരണഘടനാനുസൃതമായി മികച്ച പ്രകടനമാണ് ധൻകർ കാഴ്ചവെച്ചതെന്നും അമിത് ഷാ, വാർത്താ ഏജൻസിയായ എഎൻഐയോടു പ്രതികരിച്ചു.
ധൻകറിന്റെ രാജിക്കത്ത് തന്നെ വ്യക്തമാണെന്നും അമിത് ഷാ പറഞ്ഞു. രാജിവെക്കുന്നതിന് ആരോഗ്യകാരണങ്ങളാണ് അദ്ദേഹം കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. തനിക്ക് നല്ല പ്രവർത്തനകാലയളവ് ലഭ്യമാക്കിയതിന് പ്രധാനമന്ത്രിയോടും മറ്റു മന്ത്രിമാരോടും സർക്കാർ അദ്ദേഹം ഹൃദയംഗമമായ നന്ദി അറിയിച്ചിട്ടുണ്ട്, അമിത് ഷാ കൂട്ടിച്ചേർത്തു. ധൻകർ വീട്ടുതടങ്കലിലാണെന്ന ചില പ്രതിപക്ഷ നേതാക്കന്മാരുടെ ആരോപണത്തോടും ഷാ പ്രതികരിച്ചു. സത്യത്തിന്റെയും നുണയുടെയും വ്യാഖ്യാനം പ്രതിപക്ഷത്തിന്റെ പ്രസ്താവനകളെ മാത്രം ആശ്രയിച്ചാകരുതെന്ന് ഷാ പറഞ്ഞു. മുൻ ഉപരാഷ്ട്രപതിയുടെ രാജിയെച്ചൊല്ലി അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജൂലൈ മാസം 21-ാം തീയതിയാണ് ഉപരാഷ്ട്രപതിസ്ഥാനത്തുനിന്ന് ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവെച്ചത്. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം രാജിവെച്ചതെങ്കിലും പ്രതിപക്ഷം പലവിധ ചോദ്യങ്ങളുമായി രംഗത്തെത്തിയിരുന്നു. ധൻകറിന്റെ പിൻഗാമിയെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് സെപ്റ്റംബർ ഒൻപതാം തീയതി നടക്കും. സി.പി. രാധാകൃഷ്ണനാണ് എൻഡിഎയുടെ ഉപരാഷ്ട്രപതിസ്ഥാനാർഥി. സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് ബി. സുദർശൻ റെഡ്ഡിയാണ് ഇന്ത്യാമുന്നണിയുടെ സ്ഥാനാർഥി.