ആലപ്പുഴ: ആലപ്പുഴയിൽ രണ്ടു കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിലെ പ്രതികൾക്കു രാജ്യാന്തര സ്വർണക്കടത്തുമായി ബന്ധമുണ്ടെന്നു സൂചന. കഴിഞ്ഞ ദിവസം ചെന്നൈയിൽനിന്നു എക്സൈസ് പിടികൂടിയ ചെന്നൈ എണ്ണൂർ സത്യവാണി മുത്തുനഗർ സ്വദേശി സുൽത്താൻ അക്ബർ അലിയിൽ (43) നിന്നാണു സുപ്രധാന വിവരങ്ങൾ എക്സൈസിനു ലഭിച്ചത്. അക്ബർ അലിയാണു ഹൈബ്രിഡ് കഞ്ചാവ് കടത്തിന്റെ മുഖ്യ സൂത്രധാരനെന്നാണു നിഗമനം. ഇയാളുടെ സ്ഥാപനത്തിന്റെ മറവിലാണു സ്വർണവും ഇലക്ട്രോണിക്സ് ഉപകരണങ്ങളും രാജ്യത്തേക്കു കടത്തിയിരുന്നത്. ആലപ്പുഴയിൽ സുൽത്താന്റെ ഭാര്യ തസ്ലീമയ്ക്കും കൂട്ടാളിക്കും പിടിവീണപ്പോൾ നിഷ്കളങ്കന്റെ കുപ്പായമണിഞ്ഞ് പോലീസിനേയും എക്സൈസിനേയും പറ്റിച്ചു കടന്നുകളയുകയായിരുന്നു. ഇതിൽ എക്സൈസിന് തോന്നിയ സംശയമാണ് സുൽത്താനെ വലയിലാക്കിയത്.
എക്സൈസ് നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ മൂന്നു വർഷത്തോളമായി അക്ബർ അലിയും സംഘവും കഞ്ചാവും സ്വർണവും കടത്തിയിരുന്നെന്ന് കണ്ടെത്തി. പോലീസ് പരിശോധനകൾ ഒഴിവാക്കാൻ കുട്ടികൾ ഉൾപ്പെടെ കുടുംബമായാണ് കഞ്ചാവുമായി യാത്ര ചെയ്തിരുന്നത്. ഓമനപ്പുഴ മാരാരി ഗാർഡനിൽ ഹൈബ്രിഡ് കഞ്ചാവുമായി തസ്‌ലിമ സുൽത്താന (ക്രിസ്റ്റീന–43), സഹായി കെ. ഫിറോസ് (26) എന്നിവർ പിടിയിലാകുമ്പോൾ തൊട്ടടുത്തുവരെ കാറിൽ അക്ബറും ഉണ്ടായിരുന്നു. അന്നു കഞ്ചാവ് കടത്തിൽ ഇയാളുടെ ബന്ധം തിരിച്ചറിയാനായില്ലെങ്കിലും പിന്നീടുള്ള അന്വേഷണത്തിൽ സൂത്രധാരനെന്നു കണ്ടെത്തി. തുടർന്നാണ് അന്വേഷണ സംഘം, ചെന്നൈ എണ്ണൂരിലെ വാടക വീട്ടിലെത്തി ഇയാളെ അറസ്റ്റ് ചെയ്തത്.
അതേസമയം ആലപ്പുഴ ഹൈബ്രിഡ് കേസിൽ തസ്‌ലിമയും ഫിറോസുമാണു കേസിലെ ഒന്നും രണ്ടും പ്രതികൾ. മൂന്നാം പ്രതിയാണ് അക്ബർ അലി. അക്ബർ അലിയുടെ വിദേശ യാത്രകളെക്കുറിച്ച് അന്വേഷിക്കുമെന്നും ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ എസ്. വിനോദ് കുമാർ, അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ എസ് .അശോക് കുമാർ, സ്പെഷൽ സ്ക്വാഡ് സിഐ എം.മഹേഷ് എന്നിവർ പറഞ്ഞു. ജില്ലയിലെത്തിച്ച പ്രതിയെ വൈദ്യപരിശോധനയ്ക്കു ഹാജരാക്കിയ ശേഷം ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കൂടാതെ ഹൈബ്രിഡ് കഞ്ചാവ് കടത്തു സംഭവത്തിൽ പങ്കുണ്ടെങ്കിൽ നടൻമാരെയും പ്രതിചേർക്കുമെന്ന് എക്സൈസ്. പിടിയിലായ മൂന്നു പ്രതികളുടെയും മൊബൈൽ ഫോണുകൾ ഫൊറൻസിക് പരിശോധനയ്ക്ക് അയയ്ക്കും. ചാറ്റുകളിൽ നിന്നു കൂടുതൽ തെളിവുകൾ ലഭിക്കുമെന്നാണു പ്രതീക്ഷ. കൂടുതൽ വിവരങ്ങൾ ശേഖരിച്ച ശേഷം മൂന്നു പ്രതികളെയും കസ്റ്റഡിയിൽ വാങ്ങി ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും. തുടർന്നാകും നടൻമാരുടെ മൊഴി രേഖപ്പെടുത്തുക. പ്രതികളെന്നു ബോധ്യപ്പെട്ടാൽ നടൻമാരെ അറസ്റ്റ് ചെയ്യുമെന്നും എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ എസ്.അശോക് കുമാർ പറഞ്ഞു.
തല വരും തലവനാകാൻ..!! ചെന്നൈയുടെ ക്യാപ്റ്റനായി വീണ്ടും ധോണി… ഇനി കളി മാറുമെന്ന പ്രതീക്ഷയോടെ ആരാധകർ…