തിരുവനന്തപുരം: കണ്ണൂർ എ.ഡി.എം. ആയിരുന്ന നവീൻ ബാബുവിൻറെ യാത്രയയപ്പ് പരിപാടി ചിത്രീകരിച്ച ദൃശ്യങ്ങൾ പി.പി.ദിവ്യ കൈപ്പറ്റിയെന്ന് പ്രാദേശിക ചാനൽ പ്രതിനിധികൾ അന്വേഷണ സംഘത്തിന് മൊഴിനൽകിയതായി മന്ത്രി കെ.രാജൻ നിയമസഭയെ രേഖാമൂലം അറിയിച്ചു.
യാത്രയയപ്പ് പരിപാടി ചിത്രീകരിക്കാൻ പി.പി.ദിവ്യ ആവശ്യപ്പെട്ടുവെന്നും മൊഴിയുണ്ട്.
അന്വേഷണ റിപ്പോർട്ട് പരിശോധിച്ചതിൽ കണ്ണൂർ എ.ഡി.എം. ആയിരുന്ന നവീൻ ബാബുവിൻ്റെ യാത്രയയപ്പ് ചടങ്ങ് ചിത്രീകരിക്കാൻ കണ്ണൂർ കളക്ടറേറ്റിൽ നിന്നും ആരെയും ചുമതലപ്പെടുത്തിയിരുന്നില്ല. നവീൻ ബാബുവിന്റെ യാത്രയയപ്പ് അനൗദ്യോഗികമായ ചടങ്ങ് മാത്രമായിരുന്നു.
കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷയുടെ കോൺഫഡൻഷ്യൽ അസിസ്റ്റന്റ് ജില്ലാ കലക്ടറേറ്റിലേക്ക് പല തവണ ഫോണിൽ വിളിച്ച് ചടങ്ങ് ആരംഭിച്ചോ എന്ന് അന്വേഷിച്ചതായി കലക്ടറേറ്റിലെ സ്റ്റാഫ് മൊഴി നൽകിയതായി റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.