ഇടുക്കി: അടിമാലി കൂമ്പൻപാറയിലെ മണ്ണിടിച്ചിലിൽ അകപ്പെട്ട് ഗുരുതരമായി പരുക്കേറ്റ സന്ധ്യയെ വിദഗ്ദ ചികിത്സയ്‌ക്കായി ആലുവ രാജഗിരി ആശുപത്രിയിൽ എത്തിച്ചു. സന്ധ്യയുടെ കാലുകൾക്ക് ഗുരുതര പരുക്കുണ്ട്. ഇവരുടെ കാലിലെ രക്തക്കുഴലിന് ക്ഷതം സംഭവിച്ചിരിക്കാൻ സാധ്യതയുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. അതുപോലെ ഇടത്തേ കാലിലേക്ക് രക്തയോട്ടം വളരെ കുറവെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. സന്ധ്യയ്ക്ക് ശസ്ത്രക്രിയ ആവശ്യമായി വരുമെന്നാണ് അറിയുന്നത്..
അതേസമയം ഇന്നലെ വൈകിട്ടോടെയാണ് അടിമാലി കൂമ്പൻപാറയിൽ മണ്ണിടിച്ചിൽ ഉണ്ടായത്. വലിയ ശബ്ദം കേട്ടെത്തിയപ്പോൾ തന്നെ മണ്ണ് മുഴുവൻ താഴേക്ക് പതിക്കുകയാരുന്നുവെന്ന് സംഭവം കണ്ട നാട്ടുകാർ പ്രതികരിച്ചു. തങ്ങളെത്തുന്ന സമയത്ത് ബിജുവിന് നേരിയ അനക്കമുണ്ടായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു. എന്നാൽ രക്ഷാപ്രവർത്തനം നടത്താൻ സാധിക്കാത്ത അവസ്ഥയായിരുന്നുവെന്നു. ഉടൻ തന്നെ ജെസിബിയെയും മറ്റ് രക്ഷാപ്രവർത്തകരെയും വിളിച്ചറിയിച്ചെന്നും നാട്ടുകാർ വ്യക്തമാക്കി.
‘ഞങ്ങളെത്തിയപ്പോൾ വീടിന്റെ മേൽക്കൂര ഇടിഞ്ഞിരിക്കുകയായിരുന്നു. ചെല്ലുമ്പോൾ ബിജുവിന് നേരിയ അനക്കമുണ്ടായിരുന്നു. സന്ധ്യയുടെ കഴുത്ത് തൂങ്ങിക്കിടക്കുകയായിരുന്നു. ചോദിച്ചപ്പോൾ മറുപടി നൽകി. കഴിഞ്ഞ മൂന്ന്, നാല് ദിവസമായി ഇവിടെ പണി നടക്കുന്നുണ്ടായിരുന്നു. എന്നിട്ടും മണ്ണ് നീക്കാനുള്ള കാര്യങ്ങൾ ചെയ്തിരുന്നില്ല. ഇന്നലെ ഉച്ചയായപ്പോൾ ഈ സ്ഥലത്തിന്റെ മേൽ ഭാഗത്ത് വിള്ളലുണ്ടായിരുന്നു. അതിന് ശേഷം മെമ്പറെ വിളിച്ച് പറഞ്ഞ് എല്ലാവരെയും മാറ്റിതാമസിപ്പിച്ചു. ബിജുവിന്റെ തറവാട് ഇതിനടുത്താണ്. തറവാട്ടിൽ നിന്ന് ഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് പോയതായിരുന്നു. അപ്പോഴേക്കും മണ്ണിടിഞ്ഞു’.















































