കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധി ഇന്ന് ഉച്ചകഴിഞ്ഞ് 3.30ഓടെ തന്നെയുണ്ടാകുമെന്ന് റിപ്പോർട്ട്. 6 പ്രതികളുടെ ശിക്ഷാവിധിയാണ് ഇന്ന് പ്രഖ്യാപിക്കുക. പൂജപ്പുര ജയിലിലായിരുന്ന പ്രതികളെ രാവിലെ പതിനൊന്നരയോടെയാണ് കോടതിയിലെത്തിച്ചത്. അതേസമയം പ്രതികൾ കുടുംബ പശ്ചാത്തലം വിവരിച്ച് കോടതിയുടെ അനുകമ്പ നേടാനുള്ള ശ്രമത്തിലായിരുന്നു. വീട്ടിൽ അമ്മ മാത്രമേയുള്ളൂ, അമ്മയുടെ സംരക്ഷണ ചുമതല തനിക്കാണെന്ന് ഒന്നാം പ്രതി പൾസർ സുനിയെന്ന സുനിൽകുമാർ കോടതിയെ അറിയിച്ചു. എന്നാൽ ഭാവഭേദമൊന്നുമില്ലാതെയാണ് സുനിൽകുമാർ കോടതിയോട് സംസാരിച്ചത്.
ഇതിനിടെ രണ്ടാം പ്രതി മാർട്ടിൻ പൊട്ടിക്കരഞ്ഞു കൊണ്ടാണ് കോടതിയിൽ നിന്നത്. താനൊരു തെറ്റും ചെയ്തിട്ടില്ലെന്ന് മാർട്ടിൻ ആവർത്തിച്ചു. താൻ നിരപരാധിയാണ്, തെറ്റ് ചെയ്തിട്ടില്ല, ശിക്ഷയിൽ ഇളവ് വേണം. ചെയ്യാത്ത തെറ്റിന് ജയിലിൽ കിടന്നുവെന്നാണ് രണ്ടാം പ്രതി ഡ്രൈവർ മാർട്ടിന്റെ വാദം. കേസിൽ ആദ്യം അറസ്റ്റിലായത് ഡ്രൈവർ മാർട്ടിനാണ്.
പിന്നാലെ മൂന്നാം പ്രതി മണികണ്ഠനും സമാന രീതിയിൽ കോടതിയിൽ മനസറിഞ്ഞ് ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ആവർത്തിച്ചു. ഭാര്യയും മകളും മകനുമുണ്ടെന്നും തന്നോടും കുടുംബത്തോടും അലിവ് കാണിക്കണമെന്നും മണികണ്ഠൻ കോടതിയെ അറിയിച്ചു. കുടുംബ പശ്ചാത്തലം പറഞ്ഞ് തനിക്ക് കുറഞ്ഞ ശിക്ഷ നൽകണമെന്നാണ് നാലാം പ്രതി വിജീഷ് കോടതിക്ക് മുന്നിൽ പറഞ്ഞത്. താൻ തലശ്ശേരി സ്വദേശിയാണെന്നും തന്നെ കണ്ണൂർ ജയിലിൽ ഇടണമെന്നുമുള്ള ഒരാവശ്യം കൂടി വിജീഷ് കോടതിയോട് അഭ്യർത്ഥിച്ചു.
അതേസമയം കേസിലെ അഞ്ചാം പ്രതി വടിവാൾ സലിമും പറഞ്ഞത് താൻ കുറ്റം ചെയ്തിട്ടില്ലെന്നാണ്. ഭാര്യയും മൂന്ന് വയസുള്ള പെൺകുട്ടിയുമുണ്ടെന്നും പ്രതി കോടതിയെ അറിയിച്ചു. ആറാം പ്രതി പ്രദീപും കരഞ്ഞുകൊണ്ടാണ് കോടതിയിൽ സംസാരിച്ചത്. ആറ് പ്രതികളുടെയും ശിക്ഷാവിധി ഇന്ന് തന്നെയുണ്ടാകുമെന്ന് കോടതി അറിയിച്ചു. പ്രതികളോട് സംസാരിച്ചതിന് ശേഷം, പങ്കാളിത്തം അനുസരിച്ചല്ലേ ശിക്ഷ വേണ്ടത് എന്നായിരുന്നു കോടതിയുടെ ചോദ്യം. ഗൂഢാലോചന തെളിഞ്ഞാൽ എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്. യഥാർത്ഥ കുറ്റവാളി പൾസർ സുനിയാണ്. മറ്റുള്ളവർ കുറ്റകൃത്യത്തിൻറെ ഭാഗമാണെന്നും കോടതി പറഞ്ഞു. പൾസർ സുനി മറ്റുള്ളവരെ പോലെയല്ല. അതിജീവിതയുടെ നിസഹായാവസ്ഥ മനസിലാക്കണമെന്നും കോടതി നിരീക്ഷിച്ചു. ഒരു സ്ത്രീയുടെ അന്തസിൻറെ കാര്യമാണിതെന്നും കോടതി പറഞ്ഞു.
















































