ചണ്ഡീഗഡ്: കാമുകിക്കൊപ്പം ജീവിക്കാൻ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പഞ്ചാബിലെ ആംആദ്മി പാർട്ടി നേതാവ് അറസ്റ്റിൽ. എഎപി നേതാവും വ്യവസായിയുമായ അനോഖ് മിത്തൽ, ഇയാളുടെ കാമുകി, നാല് വാടക കൊലയാളികൾ എന്നിവരെയാണ് പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അനോഖിന്റെ ഭാര്യ ലിപ്‌സി മിത്തലിന്റെ മരണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ലിപ്‌സിയെ വധിക്കാൻ വാടക കൊലയാളികളെ ഉപയോഗിച്ചുവെന്നാണ് അനോഖ് മിത്തലിനെതിരെ പോലീസ് ആരോപിക്കുന്നത്.
ആയുധധാരികളായ കവർച്ച സംഘത്തിന്റെ ആക്രമണത്തിൽ കഴിഞ്ഞ ശനിയാഴ്ചയാണ് ലിപ്‌സി മിത്തൽ കൊല്ലപ്പെടുന്നത്. ഡിന്നർ പാർട്ടി കഴിഞ്ഞ് ഇരുവരും തിരികെ വീട്ടിലേക്ക് പോകുന്ന സമയത്താണ് ആക്രമണം നടന്നത്. എന്നാൽ നേതാവിന്റെ മൊഴികൾ തമ്മിലുള്ള വൈരുദ്ധ്യമാണ് ഇതൊരു ആസൂത്രിത കൊലപാതകമാണെന്ന കണ്ടെത്തലിലേക്ക് നയിച്ചത്.
എങ്ങനെയേയും വീടുപിടിക്കണം, കീശയിൽ തപ്പിനോക്കിയപ്പോൾ അതു കാലി, പിന്നെ ഒന്നും നോക്കിയില്ല, ജനങ്ങളുടെ വാഹനമല്ലേ… കെഎസ്ആർടിസിയുമെടുത്ത് പോകാനായി നീക്കം, ലഹരി തലയ്ക്കു പിടിച്ച യുവാവ് അറസ്റ്റിൽ
താനും ഭാര്യയും വഴിയരികിൽ കാർ നിർത്തിയിട്ട് പുറത്തിറങ്ങിയ സമയത്ത് ആയുധധാരികളായ അഞ്ചംഗ സംഘം ആക്രമിക്കുകയും തുടർന്ന് താൻ അബോധാവസ്ഥയിലാവുകയും ചെയ്തുവെന്നാണ് അനോഖ് മൊഴി നൽകിയത്. ബോധം തിരികെ വരുമ്പോൾ തന്റെ ഭാര്യ രക്തംവാർന്ന് മരിച്ചുകിടക്കുന്നതായും അവരുടെ ദേഹത്തുണ്ടായിരുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ടതായും കണ്ടുവെന്നും ഇയാൾ പോലീസിനോട് പറഞ്ഞു.
എന്നാൽ പിന്നീട് പോലീസ് ചോദിച്ച പല കാര്യങ്ങളിലും ഇതുമായി പൊരുത്തപ്പെടുന്ന മറുപടികളല്ല അനോഖ് നൽകിയത്. ഇതോടെ സംശയം തോന്നിയ അന്വേഷണ സംഘം ഇയാൾ പറഞ്ഞ കവർച്ച ശ്രമ കഥ വിശ്വസിക്കാൻ തയ്യാറായില്ല. തുടർന്ന് അന്വേഷിച്ച പോലീസിന് അനോഖിന് ഒരു കാമുകിയുള്ളതായി മനസിലായി.
പിന്നീടുള്ള അന്വേഷണം നടക്കവേയാണ് അനോഖിന്റെ അവിഹിത ബന്ധം ലിപ്‌സി അറിഞ്ഞിരുന്നുവെന്ന് പോലീസിന് ബോധ്യമായത്. ഭാര്യയെ ഒഴിവാക്കാൻ നടത്തിയ നാടകമായിരുന്നു ഈ കവർച്ച ശ്രമമെന്നാണ് പോലീസ് കണ്ടെത്തിയത്. കവർച്ച ശ്രമത്തിനിടെ ഭാര്യ കൊല്ലപ്പെട്ടു എന്ന് വരുത്തിത്തീർക്കാനാണ് അനോഖ് ശ്രമിച്ചത്. അനോഖ്, അനോഖിന്റെ കാമുകി, വാടക കൊലയാളികളായ അമൃത്പാൽ സിങ്, ഗുർദീപ് സിങ്, സോനു സിങ്, സഗർദീപ് സിങ് തുടങ്ങിയവരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.
ഇയാൾ ഭാര്യയെ കൊലപ്പെടുത്താൻ വാടക കൊലയാളികൾക്ക് 2.5 ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞാണ് കരാർ ഉറപ്പിച്ചത്. അഡ്വാൻസായി 50,000 രൂപയും നൽകിയെന്നും പോലീസ് പറയുന്നു. നാല് മാസം മുമ്പാണ് അനോഖ് എഎപിയിൽ ചേരുന്നത്. പാർട്ടി എംഎൽഎ അശോക് പരാശർ മുഖേനെയാണ് ഇയാൾ എഎപി ക്യാമ്പിലെത്തുന്നത്.