തന്റെ അറുപതാം പിറന്നാൾ ആഘോഷത്തിനിടെ തന്റെ പുതിയ പ്രണയിനിയെ പരിചയപ്പെടുത്തി ബോളിവുഡ് സൂപ്പർ താരം ആമിർഖാൻ. തന്റെ പങ്കാളി ഗൗരി സ്പ്രാറ്റിനെക്കുറിച്ചാണ് താരം മാധ്യമങ്ങൾക്കു മുന്നിൽ തുറന്നു പറഞ്ഞത്. കഴിഞ്ഞ 25 വർഷത്തിലേറെയായി തനിക്ക് ഗൗരിയെ അറിയാമെന്നും ഒരു വർഷമായി അവരുമായി പ്രണയത്തിലാണെന്നും താരം പറഞ്ഞു. മുംബൈയിൽ തന്റെ 60-ാം പിറന്നാൾ ആഘോഷത്തിനിടെയാണ് പ്രണയവിവരം അദ്ദേഹം മാധ്യമങ്ങളുമായി പങ്കുവച്ചത്.
‘ഇരുവരുടേയും കാര്യത്തിൽ ഞാൻ ഏറെ സന്തോഷവതിയാണ്, ഏല്ലാവിധ ആശംസകളും നേരുന്നു’ എന്നായിരുന്നു ആമിറിന്റെ പ്രണയവിവരം കേട്ട, അദ്ദേഹത്തിന്റെ സഹോദരി നിഖതിന്റെ പ്രതികരണം. ഗൗരി തന്റെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയതായും അവർ തങ്ങളുടെ ബന്ധത്തിൽ സന്തുഷ്ടരാണെന്നും നേരത്തെ തന്നെ ആമിർ ഖാൻ പറഞ്ഞിരുന്നു. ഗൗരി സ്പ്രാറ്റ് ഹാഫ് ഇന്ത്യക്കാരിയും ഹാഫ് ഐറിഷ് വംശജയുമാണ്.
ബെംഗളൂരു സ്വദേശിയായ ഗൗരി നിലവിൽ ആമിർ ഖാന്റെ പ്രൊഡക്ഷൻ കമ്പനിയുമായി ബന്ധപ്പെട്ടാണ് ജോലി ചെയ്യുന്നത്. ആറ് വയസുള്ള ഒരു മകനുണ്ട് ഗൗരിക്ക്. ഏതായാലും പുതിയ വാർത്ത സാമൂഹിക മാധ്യമങ്ങളിലടക്കം ചൂടൻ ചർച്ചകൾക്ക് വഴിമരുന്നിട്ടു.
റീന ദത്തയായിരുന്നു ആമീറിന്റെ ആദ്യഭാര്യ. 1986-ൽ വിവാഹിതരായ ഇവർ 2002-ൽ വേർപിരിഞ്ഞു. ഇവർക്ക് ജുനൈദ്, ഇറ എന്നിങ്ങനെ രണ്ടുമക്കളുണ്ട്. 2001-ൽ ലഗാന്റെ സെറ്റിൽ വച്ചാണ് സംവിധാന സഹായിയായി പ്രവർത്തിച്ചിരുന്ന കിരൺ റാവുവിനെ ആമീർ പരിചയപ്പെടുന്നത്. 2005-ൽ ഇവർ വിവാഹിതരായി. ഇരുവർക്കും ആസാദ് എന്നൊരു മകനുണ്ട്. 2021-ൽ ആമീറും കിരണും വേർപിരിയുകയായിരുന്നു.